Sorry, you need to enable JavaScript to visit this website.

സൗദി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സഹായം

റിയാദ് - സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് നടപ്പാക്കുന്ന ധനസഹായ പദ്ധതിയുടെ പ്രയോജനം മൂന്നു മാസത്തിനിടെ മൂന്നേമുക്കാൽ ലക്ഷത്തോളം പേർക്ക് ലഭിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി അറിയിച്ചു. ഈ വർഷം മൂന്നാം പാദത്തിൽ ആകെ 3,73,000 സൗദി യുവതീയുവാക്കൾക്ക് പദ്ധതി പ്രയോജനം ലഭിച്ചു. 


സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സൗദി യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് മാനവശേഷി വികസന നിധി നാലു ചാനലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവർത്തിക്കുന്ന മാനവശേഷി വികസന നിധിയുടെ 22 ശാഖകൾ വഴി സ്വകാര്യ മേഖലയിൽ സൗദി യുവതീയുവാക്കൾക്ക് തൊഴിലുകൾ ലഭ്യമാക്കുന്നതിന് പ്രവർത്തിക്കുന്നു. 


നാഷണൽ ലേബർ ഗേറ്റ്‌വേ ആയ താഖാത്ത് പോർട്ടൽ വഴിയും സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നു. എംപ്ലോയ്‌മെന്റ് സെന്ററുകൾ വഴിയും സൗദി യുവതീയുവാക്കൾക്ക് തൊഴിലുകൾ ലഭ്യമാക്കുന്നു. ഇവക്കു പുറമെ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ വഴിയും സൗദികൾക്ക് മാനവശേഷി വികസന നിധി ധനസഹായത്തോടെ സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നുണ്ട്. 


സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും തൊഴിൽ വിപണയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിനും ഏതാനും പദ്ധതികൾ നിധി നടപ്പാക്കുന്നുണ്ട്. സ്വദേശികളുടെ തൊഴിൽ നൈപുണ്യങ്ങൾ ഉയർത്തുന്നതിനുള്ള ധനസഹായ പദ്ധതി, തൊഴിൽരഹിതരായ ഉദ്യോഗാർഥികൾക്ക് ധനസഹായം നൽകുന്ന പദ്ധതി, പ്രായക്കൂടുതൽ അടക്കമുള്ള കാരണങ്ങളാൽ സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കാൻ പ്രയാസം നേരിടുന്ന ഉദ്യോഗാർഥികൾക്ക് ധനസഹായം നൽകുന്ന പദ്ധതി, സൗദിവൽക്കരണം ഉയർത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള ധനസഹായ പദ്ധതി, സ്വയം തൊഴിൽ പദ്ധതി നടപ്പാക്കുന്ന സ്വദേശികൾക്കുള്ള ധനസഹായം, പാർട്ട് ടൈം അടിസ്ഥാനത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികൾക്കുള്ള ധനസഹായ പദ്ധതി എന്നിവയാണ് മാനവശേഷി വികസന നിധി നടപ്പാക്കുന്നത്. 


സൗദിവൽക്കരണം ഉയർത്തുന്നതിനും തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിക്കുന്ന സൗദികളുടെ എണ്ണം വർധിപ്പിക്കുന്നതിനും തൊഴിൽ വിപണി നയങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് മാനവശേഷി വികസന നിധി പ്രവർത്തിക്കുന്നത്.  വ്യത്യസ്ത പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിനും സേവനങ്ങൾ അറിയുന്നതിനും മാനവ ശേഷി വികസന നിധി ശാഖകൾ നേരിട്ട് സന്ദർശിക്കുകയോ നിധിയുടെ വെബ്‌സൈറ്റും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളും സന്ദർശിക്കുകയോ കോൾ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് സൗദി യുവതീയുവാക്കളോട് നിധി ആവശ്യപ്പെട്ടു. 


 

Latest News