Sorry, you need to enable JavaScript to visit this website.

മഅദനിക്ക് ആശ്വാസം: സുരക്ഷ ചെലവ് കുറച്ചു, സന്ദർശന ദിവസം കൂട്ടി

ന്യൂഡൽഹി- പി.ഡി.പി ചെയർമാൻ മഅദനിയുടെ സുരക്ഷ ചെലവ് കുറച്ചു. 1,18,000 രൂപയാണ് സുരക്ഷ ചെലവ് കുറച്ചത്. കേരളത്തിൽ കഴിയാനുള്ള സമയം  നാലു ദിവസം കൂടി കൂട്ടി. ഈ മാസം ആറു മുതൽ 19 വരെ മഅദനിക്ക് കേരളത്തിൽ കഴിയാം. നേരത്തെ അനുവദിച്ച സമയത്തിൽ നാലു ദിവസം കഴിഞ്ഞുപോയതിനാലാണിത്. മാതാവിനെ കാണാനും മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനും കേരളത്തിലേക്ക് പോകാൻ മഅ്ദനി സുരക്ഷ ചെലവിലേക്ക് 15ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കർണാടക സർക്കാരിനെതിരെ മഅദനി സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. വൻ തുക സുരക്ഷ ചെലവ് ആവശ്യപ്പെട്ട കർണാടക സർക്കാറിനെതിരെ ഇന്നലെ സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.  ഏറ്റവും കുറഞ്ഞ ചെലവ് മാത്രമേ മഅദനിയിൽനിന്ന് ഈടാക്കാൻ പാടുള്ളുവെന്ന നിർദ്ദേശം മറികടന്ന് പൊലീസ് വൻതുക ആവശ്യപ്പെട്ടത് മഅ്ദനിയുടെ യാത്ര മുടക്കാനാണോയെന്ന് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. ആരുടെ മുന്നിലാണ് ഇത്തരം കണക്കുകൾ സമർപ്പിക്കുന്നതെന്ന കാര്യം മറക്കരുതെന്നും അത് ബന്ധപ്പെട്ടവരോട് അറിയിക്കണമെന്നും കർണാടകത്തിന്‍റെ അഭിഭാഷകനോട് കോടതി താക്കീത് ചെയ്തു. 
മഅദനിക്ക് ഈ മാസം രണ്ട് മുതൽ 14 വരെ കേരളത്തിൽ തങ്ങാൻ കോടതി നേരത്തെ അനുവദിച്ചിരുന്നു. ഇതിന് സുരക്ഷ ഒരുക്കുന്ന 19 ഉദ്യോഗസ്ഥർക്ക് 14.79 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കർണാടക പൊലീസിന്‍റെ നിർദ്ദേശം ശുദ്ധഅസംബന്ധമമാണ്. സുരക്ഷ ഒരുക്കുന്ന പൊലീസുകാർക്ക് യാത്ര, ദിവസ ബത്തകൾക്ക് മാത്രമേ അവകാശമുള്ളുവെന്നും അത് പ്രകാരമുള്ള പുതിയ കണക്ക് ഇന്ന് തന്നെ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. വൻതുക ആവശ്യപ്പെട്ടതിനെ തുടർന്ന് മഅ്ദനി തന്‍റെ യാത്ര വേണ്ടെന്ന് വച്ചിരുന്നു. 
ഇന്നലെ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ മഅ്ദനിയുടെ അഭിഭാഷകരായ പ്രശാന്ത് ഭൂഷനും ഹാരീസ് ബീരാനും, വൻ തുക ആവശ്യപ്പെടുന്നതിലൂടെ കർണാടക പൊലീസ് കോടതി ഉത്തരവ് വെല്ലുവിളിക്കുകയാണെന്ന് വാദിച്ചു. മുൻപ് കേരളം സന്ദർശിച്ചപ്പോൾ 18000 രൂപ മാത്രമാണ് നൽകിയതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. തുടർന്ന് കണക്കുകൾ പരിശോധിച്ച കോടതി കർണാടക സർക്കാരിന് വേണ്ടി ഹാജരായ അഡ്വ.അരിസ്‌റ്റോറ്റിലിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 

എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഒരു ദിവസം 8,472 രൂപ നൽകണമെന്നാണ് കർണാടക പൊലീസ് പറയുന്നത്. 13ദിവസത്തേക്ക് രണ്ട് എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നികുതി സഹിതം രണ്ടരലക്ഷം രൂപ നൽകാൻ മഅ്ദനിയാണോ ഇവരുടെ തൊഴിൽദാതാവ്? ജോലിയുടെ ഭാഗമായാണ് അവർ മഅ്ദനിക്ക് സുരക്ഷ ഒരുക്കുന്നത്. ചെയ്യുന്ന ജോലിക്ക് അവർക്ക് ന്യായമായ ശമ്പളം ലഭിക്കുന്നുണ്ട്. കേരളത്തിൽ പോകുന്ന മഅ്ദനിക്ക് സുരക്ഷയൊരുക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രബത്തയും ദിവസ ബത്തയും നൽകിയാൽ മതിയാകും. കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് പോകുന്ന ഒരാളെ നിരീക്ഷിക്കുക മാത്രമാണ് പൊലീസുകാരുടെ പണി. അതിന് അവർക്ക് പ്രത്യേക അനുകൂല്യങ്ങൾ നൽകേണ്ട കാര്യമില്ല. ഒരു ഡ്രൈവർക്ക് 4000 രൂപ നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഡ്രൈവർ എന്തായാലും വണ്ടി ഓടിച്ച് ശമ്പളം വാങ്ങുന്നുണ്ട്. ഇതൊക്കെ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ എന്നും കോടതി ചോദിച്ചിരുന്നു.  


 

Latest News