ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം കനത്ത പ്രക്ഷോഭം നടക്കുന്നതിനിടെ സമര രംഗത്തുള്ള വിദ്യാര്‍ത്ഥികളോട് പോയി പഠിക്കാന്‍ അഭ്യര്‍ത്ഥിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യക്കാരുടെ പൗരത്വം എടുത്തുകളയാന്‍ ഈ നിയമത്തില്‍ വകുപ്പില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഈ നിയം ശരിക്കും പഠിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുകയാണെന്നും ഇത് തിരിച്ചറിയണമെന്നും ഷാ പറഞ്ഞു. കോണ്‍ഗ്രസിനേയും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ദല്‍ഹിയിലെ ഭരണകക്ഷി ആം ആദ്മി പാര്‍ട്ടിയേയും ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനേയുമാണ് ഷാ പഴിച്ചത്. ആക്രമങ്ങളുടെ അന്തരീക്ഷം സൃഷ്ടിച്ചതി് ഇവരാണെന്ന് അദ്ദേഹം ആരോപിച്ചു. മതത്തിന്റെ പേരില്‍ പീഡനം അനുഭവിച്ച അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ളതാണ് ഈ നിയമമെന്നും ഷാ പറഞ്ഞു.