കൊണ്ടോട്ടി- കരിപ്പൂർ വിമാനതാവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. തലനാരിഴക്കാണ് അപകടം ഒഴിവായത്. ഇന്ന് രാവിലെ ബംഗളൂരുവിൽനിന്ന് എത്തിയ സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തിൽപെട്ടത്. ലാൻഡിംഗിനായി റൺവേയിൽ ഇറങ്ങിയ വിമാനം റൺവേയുടെ ഇടതുഭാഗത്തേക്ക് നീങ്ങുകയായിരുന്നു. റൺവേയുടെ സൈഡിലെ മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്ക് നീങ്ങിയ വിമാനം പൈലറ്റുമാർക്ക് തിരിച്ചറിയാനായി റൺവേയുടെ സൈഡിൽ സ്ഥാപിച്ച ലൈറ്റുകളിൽ ഇടിച്ചു. ഇവ തകർന്നു. ഉടൻ അഗ്നിശമന സേന പ്രവർത്തകർ രംഗത്തെത്തി. അറുപത് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. സാധാരണ മധ്യഭാഗത്ത് ഇറങ്ങേണ്ട വിമാനം ഇടതുവശത്താണ് ഇറങ്ങിയത്. വിമാനത്തിന് കേടുപാടുകളില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനതാവള അധികൃതർ വ്യക്തമാക്കി.