ലക്‌നൗ- ഉന്നാവിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബി.ജെ.പിയുടെ മുൻ എം.എൽ.എ കുൽദീപ് സെംഗാർ കുറ്റക്കാരനാണെന്ന് കോടതി. ദൽഹിയിലെ പ്രത്യേക കോടതി ജഡ്ജി ധർമേന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്. ഇയാൾക്കുള്ള ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. സെംഗാറിന്റെ ബന്ധുവും സഹപ്രതിയുമായ ശശി സിംഗിന് സംശയത്തിന്റെ ആനുകൂല്യം നൽകുന്നതായും ജഡ്ജി വ്യക്തമാക്കി.പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് കാര്യപ്രാപ്തിയും വൈദഗ്ധ്യവുമുള്ളവർ ഇന്ത്യയിൽ കുറവാണ്. എന്നാൽ ഈ കേസിൽ എന്തുകൊണ്ടാണ് പീഡനത്തിനിരയായ യുവതി പരാതി നൽകാൻ വൈകിയത് എന്ന കാര്യം വ്യക്തമല്ലെന്നും കോടതി പറഞ്ഞു.
ബി.ജെ.പി എം.എൽ.എയായിരുന്ന കുൽദീപ് സിങ് സെംഗറിനും കൂട്ടുപ്രതികൾക്കുമെതിരെ 2017 ഓഗസ്റ്റിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് പെൺകുട്ടി 2018 ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് കൂട്ടബലാൽസംഗം രാജ്യമറിഞ്ഞത്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുൽദീപ് സെംഗാർ വിളിച്ച് വരുത്തി ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു കേസ്.