തിരുവനന്തപുരം- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന തരത്തിലേക്ക് ഇന്ത്യയുടെ സാമൂഹികാവസ്ഥ മാറിയെന്നും രാജ്യത്തിന്റെ സമഭാവന പുലർന്നുകാണാൻ ആഗ്രഹിക്കുന്നവർ കരയിൽനോക്കി നിൽക്കാതെ കളത്തിലേക്ക് ഇറങ്ങണമെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗരത്വഭേദഗതി വിരുദ്ധ സമരത്തിൽ പ്രസംഗിക്കുകയായിരന്നു അദ്ദേഹം.
പ്രസംഗത്തിന്റെ പൂർണരൂപം:
നമ്മുടെ നാട് അതിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു ദശാസന്ധിയിലൂടെ കടന്നുപോകുന്നു. നമ്മെ ഭരിക്കുന്ന ഏറ്റവും പ്രധാനമായ വികാരം ഭയമാണ്. അവിശ്വാസത്തിൽനിന്ന് ഉളവാകുന്ന ഭയം. ദശാബ്ദങ്ങൾക്ക് മുമ്പ് യൂറോപ്പിലെ അന്തരീഷത്തിൽ ഫാഷിസത്തിന്റെയും നാസിസത്തിന്റെയും വിഷജ്വാലകൾ ഉയർന്നുപൊങ്ങിയപ്പോൾ പ്രശസ്തനായ ഒരു ദാർശനികൻ വിലപിച്ചു. വിളക്കുകൾ ഓരോന്നായി കെടുകയാണ്. നമ്മുടെ നാട്ടിൽ വിളക്കുകൾ കെടുകയല്ല, തല്ലിക്കെടുത്തുകയാണ്. മഹാത്മാഗാന്ധി അഹിംസയുടെ പ്രവാചകനാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പലപ്പോഴും അഹിംസയുടെ സമരം അദ്ദേഹത്തിന് നിർത്തേണ്ടി വന്നിട്ടുണ്ട്. സമരം അഹിംസയിൽനിന്ന് മാറിയപ്പോഴായിരുന്നു അത്. 1942-ൽ ഇന്ത്യ അതിന്റെ ഒടുവിലത്തെ സ്വാതന്ത്ര്യസമരത്തിലേക്ക് പ്രവേശിച്ചപ്പോൾ ഗാന്ധി ജനങ്ങളോട് പറഞ്ഞത് അഹിംസയെ പറ്റി ആയിരുന്നില്ല. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നായിരുന്നു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന അവസ്ഥയാണ് നാട്ടിൽ സംജാതമായത്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിലെ മുഖ്യമന്ത്രി ഈ നിയമം എന്റെ സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് പറഞ്ഞു.നിയമപണ്ഡിതൻമാർക്ക് ഇഴകീറി പരിശോധിക്കാൻ പറ്റുന്ന പ്രസ്താവനയാണ്. അത് അവർ ചെയ്യട്ടെ. അദ്ദേഹത്തിന്റെ വാക്കിലെ സാംഗത്യം കോടതികൾ തീരുമാനിക്കട്ടെ. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ കോൺഗ്രസുകാരിൽ ഒരാളായിരിക്കും ഞാൻ. സ്വാതന്ത്ര്യസമരത്തിൽ ഏറ്റവും കുറവ് സേവനം ചെയ്ത ഒരാളുമായിരിക്കും ഞാൻ. ഈ സമരത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തതിൽ വളരെ സന്തോഷിക്കുന്നു. കാത്തുനിൽക്കാൻ സമയമില്ല. സമഭാവനയുടെ ഇന്ത്യ മരിക്കാതിരിക്കാൻ കരയ്ക്ക് നോക്കി നിൽക്കാതെ കളിക്കളത്തിലേക്ക് ഇറങ്ങേണ്ട സമയമാണിതെന്നും പത്മനാഭൻ പറഞ്ഞു.