ലഖ്‌നൗ- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അലിഗഢ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ് ഇന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളേയും കാമ്പസില്‍ നിന്ന് ഒഴിപ്പിക്കുമെന്നറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളേയും വീട്ടിലേക്ക് അയക്കുമെന്നാണ് യുപി പോലീസ് മേധാവി ഒ പി സിങ് പറഞ്ഞത്. ദല്‍ഹിയില്‍ പ്രതിഷേധിച്ച ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച വൈകുന്നേരം അലിഗഢില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് വന്‍ സന്നാഹങ്ങളുമായി പോലീസ് കാമ്പസില്‍ പ്രവേശിച്ചത്. ഇത് പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടലിനിടയാക്കി. റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ അടക്കം കാമ്പസില്‍ വിന്യസിച്ച് വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പോലീസ് ഒതുക്കിയിരിക്കുകയാണിപ്പോള്‍.
പോലീസ് കാമ്പസില്‍ അക്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്നും സിങ് പറഞ്ഞു. എന്നാല്‍ പോലീസ് കാമ്പസില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.