Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമത്തിനെതിരെ കൊല്‍ക്കത്തയില്‍ ഇന്ന് മമതയുടെ മെഗാ റാലി; ഉടക്കുമായി ഗവര്‍ണര്‍

കൊല്‍ക്കത്ത- പൗരത്വ നിയമം ഭേദഗതി ചെയ്തതിനേയും ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാനുള്ള നീക്കത്തിനുമെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നയിക്കുന്ന മെഗാ റാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. റെഡ് റോഡിലെ അംബേഡ്കര്‍ പ്രതിമയുടെ പരിസരത്തു നിന്ന് ഒരു മണിക്കാണ് പ്രതിഷേധ റാലി തുടങ്ങുക. എല്ലാവരും പങ്കെടുക്കണമെന്നഭ്യര്‍ത്ഥിച്ച് മമത ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിക്കണമെന്നും മമത അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ ഈ സമരം സമാധാനപരവും നിയങ്ങള്‍ പാലിച്ചുമായിരിക്കും സംഘടിപ്പിക്കുക എന്നും മമത പറഞ്ഞു.

മമതയുടെ പ്രതിഷേധ റാലി ആഹ്വാനത്തിനെതിരെ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി സംഘടിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധ നീക്കമാണെന്നും ഇതില്‍ കടുത്ത അതൃപ്തിയുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. പ്രകോപനപരവും ഭരണഘടനാ വിരുദ്ധവുമായി ഈ നീക്കത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ കുറിച്ച് വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചുവരുത്തി. തിങ്കളാഴ്ച രാവിലെ രാജ്ഭവനിലെത്താനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

പൗരത്വ നിയമവും ദേശീയ പൗരത്വ പട്ടികയും ബംഗാളില്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചുള്ള സര്‍ക്കാരിന്റെ പരസ്യം പിന്‍വലിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപണം ഉപയോഗിച്ച് ഇത്തരം പ്രചാരണം നടത്താനാവില്ലെന്നും ഭരണഘടനാ വിരുദ്ധണാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതു രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. പൗരത്വ നിയമവും പൗരത്വ പട്ടികയും നടപ്പാക്കില്ലെന്നു ഒരു സര്‍ക്കാര്‍ മേധാവിക്ക് എങ്ങനെ ദേശീയ മാധ്യമങ്ങളില്‍ പരസ്യം നല്‍കാനാകും? ഇത് ഭരണഘടനാ വിരുദ്ധമാണ്- ഗവര്‍ണര്‍ വ്യക്തമാക്കി.
 

Latest News