അലിഗഢ്- ദല്‍ഹിയില്‍ ജാമിഅ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലാ പരിസരത്ത് പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം അലിഗഢ് സര്‍വകലാശാലയിലേക്കും പടര്‍ന്നതോടെ യുപി പോലീസ് കാമ്പസ് അടപ്പിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഉത്തര്‍ പ്രദേശ് പോലീസ് കവചിത വാഹനങ്ങളും വന്‍ സന്നാഹവുമായി അലിഗഢ് ക്യാമ്പസില്‍ പ്രവേശിക്കുകയായിരുന്നു. ഇതു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ അലിഗഢ് വിദ്യാര്‍ത്ഥികളെ ക്യാമ്പസില് പോലീസ് തടഞ്ഞു. ഇതു വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലിനിടയാക്കി. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. 15ഓളം പേരെ പോലസീസ് കസ്റ്റഡിയിലെടുത്തു. സാഹചര്യങ്ങള്‍ നിയന്ത്രണത്തിലാക്കിയെന്ന് യുപി പോലീസ് അറിയിച്ചു.
പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് പോലീസ് കാമ്പസില്‍ പ്രവേശിച്ചത്. സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാമ്പസിലെത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പോലീസിനോട് കാമ്പസില്‍ നിന്നു പുറത്തു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു. ജനുവരി അഞ്ചു വരെ അലിഗഢ് സര്‍വകലാശാല അടച്ചിരിക്കുകയാണ്. പരീക്ഷകളെല്ലാം ഇതിനു ശേഷം നടക്കുമെന്ന് രജിസ്ട്രാര്‍ അബ്ദുല്‍ ഹാമിദ് അറിയിച്ചു.
ദല്‍ഹിയില്‍ ജാമിഅ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും പ്രതിഷേധം ശക്തി പ്രാപിച്ചതോടെ ഞായറാഴ്ച വൈകുന്നേരം തന്നെ അലിഗഢ് വിദ്യാര്‍ത്ഥികളും പ്രതിഷേധ പ്രകടനങ്ങളുമായി കാമ്പസിനു പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബാരിക്കേഡുകളുപയോഗിച്ച് ഗേറ്റുകളെല്ലാം പോലീസ് തടയുകയായിരുന്നു. ഇത് ഏറ്റുമുട്ടലിന് ഇടയാക്കി. പോലീസ് ലാത്തിവീശി. ജലപീരങ്കിയും ഉപയോഗിച്ചു. കണ്ണീര്‍ വാതക പ്രയോഗം നടത്തിയതായും പുറത്തു വന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്.
സാഹചര്യം രൂക്ഷമായതോടെ ഹോസ്റ്റലുകളെല്ലാം ഉടന്‍ ഒഴിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ഇപ്പോള്‍ കാമ്പസ് വിടണമെന്നും വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ ബോധിപ്പിച്ച് ഹോസ്റ്റലുകള്‍ ഒഴിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.