പട്‌ന- ബിഹാറില്‍ ബിജെപി ഉള്‍പ്പെട്ട പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു തൊട്ടുപിറകെ ഗോ രക്ഷര്‍ മൂന്ന് മുസ്ലിംകളെ ബീഫ് കടത്തിയെന്ന സംശത്തിന്‍റെ പേരില്‍ തല്ലിച്ചതച്ചു. ഭോജ്പൂര്‍ ജില്ലയിലാണ് സംഭവം. ട്രക്കില്‍ ബീഫ് മാംസം പശ്ചിമ ബംഗാളിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ പിടികൂടി ആക്രമിച്ചത്. പ്രതിഷേധവുമായി രംഗത്തെത്തിയ ആള്‍ക്കൂട്ടം ദേശീയ പാത 48-ല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. മാംസക്കടത്ത് പിടികൂടുന്നതില്‍ പരാജയപ്പെട്ട ഷാപൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീര്‍ക്കെതിരെ നടപടി വേണമെന്നും ഗോ സംരക്ഷക വേഷം കെട്ടിയെത്തിയ ആള്‍ക്കൂട്ടം ആവശ്യപ്പെട്ടു.
ഒടുവില്‍ ആക്രമണത്തിനിരയായ മൂന്ന് പേരേയും പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ആക്രമികള്‍ ശാന്തരായത്. ട്രക്ക് ഡ്രൈവര്‍ മുഹമ്മദ് ശറഫുദ്ദീന്‍ ഖാന്‍, കുടെ യാത്ര ചെയ്തിരുന്ന മുഹമ്മദ് അജമുല്ല ഖാന്‍, മുഹമ്മദ് ഗുലാം ഖാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ യാത്ര ചെയ്തിരുന്ന ട്രക്ക് തടഞ്ഞു വച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ട്രക്കും പൊലീസ് പിടിച്ചെടുത്തു. ട്രക്കിലുണ്ടായിരുന്ന മാംസം ബീഫ് തന്നെയാണോ എന്നു സ്ഥിരീകരിക്കാന്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു.
ബീഫിന്‍റെ പേരില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗോ സംരക്ഷകരെന്ന പേരില്‍ വ്യാപകമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ട്. ബീഫ് കടത്തിയെന്നും പശുവിനെ അറുത്തുവെന്നുമുള്ള അഭ്യൂഹങ്ങള്‍ പരത്തിയാണ് വ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. രണ്ടാഴ്ച മുമ്പ് ബിഹാറില്‍ അധികാരത്തില്‍ ബിജെപി പങ്കാളികളായതോടെ ഇത്തരം പ്രശ്‌നങ്ങല്‍ സംസ്ഥാനത്തും തലപൊക്കിത്തുടങ്ങിയിരിക്കുകയാണ്
ബിഹാറില്‍ മൂന്ന് പേരെ ബീഫ് കടത്തിയെന്ന സംശയത്തിന്‍റെ പേരില്‍ തല്ലിച്ചതച്ചത് സംസ്ഥാനത്ത് ബിജെപി അധികാര പ്രയോഗം തുടങ്ങി എന്നതിന്‍റെ തെളിവാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുമ്പോഴും ഇനി ഹിന്ദുത്വ നയങ്ങള്‍ മാത്രമെ ബിഹാറില്‍ നടപ്പിലാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.