ബദാവൊന്‍ (യുപി)- ഭര്‍ത്താവിന്റെ വീട്ടുകാരെ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയ നവവധു പണവും ആഭരണങ്ങളും കവര്‍ന്നു മുങ്ങി. ഉത്തര്‍ പ്രദേശിലെ ബദാവൊന്‍ ജില്ലയിലെ ഛോട്ട പാരയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് നവവധു വീട്ടുകാര്‍ക്കെല്ലാം ഡിന്നര്‍ വിളമ്പി ശേഷം കവര്‍ച്ച നടത്തിയത്. ശനിയാഴ്ച രാവിലെ ഉണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ കവര്‍ച്ച അറിയുന്നത്. നവവധുവിനെ കാണാതായതോടെ വീട്ടില്‍ തിരച്ചില്‍ നടത്തി. അപ്പോഴാണ് പണവും ആഭരണങ്ങളടുമടക്കം കാണാതായ വിവരം അറിയുന്നത്. ഡിസംബര്‍ ഒമ്പതിനായിരുന്ന പ്രവീണ്‍-റിയ എന്നിവരുടെ വിവാഹം. വധു റിയ അസംഗഢ് സ്വദേശിയാണ്. 70,000 രൂപയും മൂന്ന് ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് നഷ്ടമായതെന്ന് പോലീസ് അറിയിച്ചു. വിവാഹ നടത്തിക്കൊടുക്കാന്‍ ഇടനിലക്കാരനായി നിന്ന ടിക്കു എന്നയാളെ ചുറ്റിപ്പറ്റിയാണ് സംഭവം പോലീസ് അന്വേഷിക്കുന്നത്. വിവാഹ ശേഷം ടിങ്കുവാണ് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടിലെത്തിച്ചത്. പുതുനാരിക്കൊപ്പം ടിങ്കുവിനേയും കാണാതായിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ടി തിരച്ചില്‍ നടത്തിവരികയാണു പോലീസ്.
പ്രവീണിന്റെ വിവാഹത്തിനായി നാലു ലക്ഷം രൂപ മുടക്കിയതായി അച്ഛന്‍ പറഞ്ഞു. വിവാഹത്തിനു മുമ്പ് ടിങ്കു തങ്ങളുടെ കയ്യില്‍ നിന്നും പണം വാങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. വധുവിന്റെ കുടുംബം ദരിദ്രകുടുംബമായതിനാല്‍ ഈ പണം ആഭരണം ഉണ്ടാക്കാനാണെന്നായിരുന്നു ടിങ്കു പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഭാര്യ ഇത്തരത്തില്‍ വഞ്ചിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പ്രവീണ്‍ പറഞ്ഞു.