ന്യൂദല്‍ഹി- പൗരത്വ നിയമം ഭേദഗതി ചെയ്തതിനെതിരെ ദല്‍ഹിയിലെ പ്രതിഷേധങ്ങള്‍ പ്രക്ഷോഭമായി മാറി. ജാമിഅ നഗറില്‍ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളും നാട്ടുകാരും പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങി. മഥുര റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. ജാമിഅ നഗറില്‍ പ്രക്ഷോഭകര്‍ മൂന്ന് ബസുകള്‍ കത്തിച്ചു. അതേസമയം ആക്രമങ്ങളുമായി ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധമില്ലെന്ന് ജാമിഅ വിദ്യാര്‍ത്ഥി യൂണിയനും സര്‍വകാലാശാല അധികൃതരും അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഇവിടെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരികയാണ്.
അതിനിടെ പ്രതിഷേധം ആക്രമോത്സുകമായി തുടരുന്ന വടക്കു കിഴക്കന്‍ മേഖലയില്‍ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്. അസമില്‍ മരിച്ച പ്രക്ഷോഭകരുടെ എണ്ണം നാലായി. അസമിലെ ബിജെപി ഒഴികെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തിരിക്കുകയാണ്. ഇത് പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടി. അസമില്‍ ഈ നിയമം തന്റെ ജീവന്‍ പോയാലും നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന് അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗ് പറഞ്ഞു. ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും ബിജെപി സഖ്യകക്ഷിയായ അസം ഗണ പരിഷത്തും നിയമത്തിനെതിരെ ശകതമായി രംഗത്തുണ്ട്.