ബാങ്കോക്ക്- സുഹൃത്തുക്കളുടെ മുമ്പിൽവെച്ച് കരടിയുടെ ആക്രമണത്തിന് ഇരയായ യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴക്ക്. തായ്‌ലാൻഡിലെ ഫെച്ചാബുൻ സംസ്ഥാനത്തെ ഒരു ബുദ്ധക്ഷേത്രത്തിലെ കരടിവളർത്തൽ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
കരടികൾക്ക് ഭക്ഷണം നൽകി അവയുമായി കളിക്കാൻ ശ്രമിച്ച നായ്ഫം പ്രോംരാറ്റെ എന്നയാളെ നൊടിയിടയിൽ പിൻകാലിൽ നിവർന്ന് നിന്ന് ഒരു കരടി പിടികൂടി മതിൽക്കെട്ടിനകത്തേക്ക് വലിച്ചിടുകയായിരുന്നു. തരിച്ചുനിന്ന കൂട്ടുകാർ വടി ഉപയോഗിച്ച് അടിച്ചും കുത്തിയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിടിവിടാതെ കരടി 36 കാരനെ കൂട്ടിനകത്തേക്ക് കടിച്ചുകൊണ്ടുപോകുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ ദ്രുതകർമ സേനയാണ് യുവാവിനെ കരടിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. മാരകമായി പരിക്കേറ്റ നായ്ഫം ചികിത്സയെ തുടർന്ന് സംസാരിക്കാനുള്ള ശേഷി വീണ്ടുകിട്ടിയിട്ടുണ്ട്. ക്ഷേത്രം സന്ദർശിക്കാൻ വരുന്നവർക്ക് പുരോഹിതന്മാർ കരടികളെ കാണാനും ഭക്ഷണം നൽകാനും അനുവദിക്കാറുണ്ട്.