> പൗരത്വ നിയമത്തിനെതിരെ എജിപി, ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ ജെഡിയു
ന്യൂദല്‍ഹി- ഭേദഗതി ചെയ്ത് നടപ്പിലാക്കിയ പൗരത്വ നിയമത്തെതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ബിജെപി നേതൃത്വത്തിലുള്ള മുന്നണിയിലും എതിര്‍പ്പ് ശക്തമാകുന്നു. പൗരത്വ നിയമത്തെ ആദ്യം പിന്താങ്ങിയ അസമിലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ അസം ഗണ പരിഷത് (എജിപി) നിലപാട് മാറ്റി. പൗരത്വ നിയമത്തെ എതിര്‍ക്കുമെന്ന് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തീരുമാനിച്ചു. വിവാദ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അസം ഗണ പരിഷത് വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായേയും കാണാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അസമില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമായ അസം ഗണ പരിഷതിന് മൂന്ന് മന്ത്രിമാരും ഉണ്ട്.
പൗരത്വ ബില്ല് പാസായതോടെ വടക്കു കിഴക്കന്‍ മേഖലയില്‍ ശക്തമായ പ്രതിഷേധവും ഈ നിയമത്തിനെതിരെ ഉയര്‍ന്നിരുന്നു. അസമില്‍ ഏറ്റും രൂക്ഷമായ പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയത്. ഇതിപ്പോഴും തുടരുകയാണ്. ഈ വിഷയത്തില്‍ ബിജെപിയെ പിന്തുണച്ചത് അസം ഗണ പരിഷതിനുള്ളില്‍ വലിയ അമര്‍ഷത്തിനിടയാക്കിരുന്നു. പല ഉന്നത നേതാക്കളും പദവി രാജി പ്രഖ്യാപിച്ചു. ജനങ്ങളുടെ മനസ്സറിയാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാരോപിച്ച് പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ നിലപാടു മാറ്റം.
ബിഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവില്‍ ആദ്യം മുതല്‍ തന്നെ പൗരത്വ നിയമത്തെ ചൊല്ലി ഭിന്നത ഉണ്ടായിരുന്നു. പാര്‍ട്ടി തലവന്‍ നിതീഷ് കുമാര്‍ അനുകൂലിച്ചപ്പോള്‍ ഉപാധ്യക്ഷന്‍ പ്രശാന്ത് കിശോര്‍ അടക്കമുള്ള നേതാക്കളും ചില എംപിമാരും ഇതു ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ചയായി. ഇതോടെ ദേശീയ പൗരത്വ പട്ടികയും പൗരത്വ ബില്ലും ഒന്നിച്ചു നടപ്പിലാക്കുന്നതിനെ തുറന്നെതിര്‍ത്താണ് ഇപ്പോള്‍ ജെഡിയു രംഗത്തെത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കുന്നതിന് തങ്ങള്‍ എതിരാണെന്ന് പ്രശാന്ത് കിശോര്‍ വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറിനും ഈ നിലപാടു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ദേശീയ വക്താവ് കെ സി ത്യാഗിയും ഇതാവര്‍ത്തിച്ചു. ആദ്യമായാണ് ഒരു ബിജെപി സഖ്യ കക്ഷി ദേശീയ പൗരത്വ പട്ടികയെ എതിര്‍ത്തു നിലപാടെടുക്കുന്നത്.