Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കടല്‍ തീര്‍ത്ത് സമസ്ത

കോഴിക്കോട് - പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കടല്‍ തീര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ  സമ്മേളനം കടപ്പുറത്ത് ചരിത്രം രചിച്ചു. ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

https://www.malayalamnewsdaily.com/sites/default/files/2019/12/14/p10cltsamanthabeachstage14.jpg
ഭരണപരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പൗരത്വ വിഭജനമെന്ന് തങ്ങള്‍ കുറ്റപ്പെടുത്തി.  ഭരണഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും രാജ്യത്തെ തകര്‍ക്കുന്നതുമായ നിയമത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും എതിര്‍ക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സമൂഹത്തിന് മതത്തിന്റെ പൗരത്വം നിഷേധിക്കുന്നത് ആദ്യമായാണ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വപട്ടിക കടുത്ത വിവേചനമാണെന്ന് ആര്‍ക്കും ബോധ്യമാകും. മതപരമായ ധ്രുവീകരണം രാജ്യത്ത് വളര്‍ത്തിക്കൊണ്ടുവരികയെന്ന കൃത്യമായ അജണ്ട ബി.ജെ.പിക്ക് ഇക്കാര്യത്തിലുണ്ട്. മതത്തിലധിഷ്ഠിതമായ രാഷ്ട്രമാണ് അവര്‍ ഉന്നം വെക്കുന്നത്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തെ ഭീതിയില്‍ നിര്‍ത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. അസമില്‍ നടപ്പാക്കിയ പൗരത്വപട്ടികയില്‍ നിന്നു പുറത്തായ മുസ്‌ലിംകളല്ലാത്തവരെ പൗരന്‍മാരാക്കാനാണ് ബില്‍ കൊണ്ടുവന്നത്. എങ്കിലും പൗരത്വപട്ടിക ദേശവ്യാപകമാക്കുമ്പോള്‍ അത് കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ആളുകളെ ബാധിക്കും. അതിനാല്‍ പൗരത്വപ്പട്ടികക്കെതിരെ കൈകോര്‍ക്കണം - തങ്ങള്‍ പറഞ്ഞു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.  മതത്തിന്റെ പേരില്‍ പൗരത്വം ഒരു വിഭാഗത്തിന് മാത്രം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ നിരാകരിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് എളുപ്പത്തില്‍ നടപ്പാക്കാമെന്ന് വ്യാമോഹിക്കേണ്ട. ജന്‍മഗൃഹത്തില്‍നിന്ന് അന്യരാക്കി ആട്ടിയോടിക്കാനുള്ള ഹിന്ദുത്വ ഫാസിസ ഭരണകൂടത്തോട് ജനാധിപത്യമാര്‍ഗത്തില്‍ ഉറച്ചുനിന്ന് പൊരുതേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ പൊതുബാധ്യതയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

 

Latest News