റിയാദ് - ലോകത്ത് ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്ത ഏറ്റവും വലിയ കമ്പനിയും ആഗോള തലത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയുമായ സൗദി അറാംകോയുടെ വിപണി മൂല്യത്തിൽ രണ്ടു ദിവസത്തിനിടെ 96,000 കോടി റിയാലിന്റെ കുതിച്ചുചാട്ടം. ബുധനാഴ്ചയാണ് അറാംകോ ഓഹരികൾ സൗദി ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തത്. വ്യാഴാഴ്ച സൗദി അറാംകോ ഓഹരി മൂല്യം 4.55 ശതമാനം തോതിൽ ഉയർന്നു. ഓഹരി മൂല്യം 1.6 റിയാൽ തോതിലാണ് ഉയർന്നത്. വ്യാഴാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോൾ സൗദി അറാംകോ ഓഹരി മൂല്യം 36.8 റിയാലായിരുന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 7.4 ട്രില്യൺ റിയാൽ (1.96 ട്രില്യൺ ഡോളർ) ആയി ഉയർന്നു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ മാത്രം കമ്പനിയുടെ വിപണി മൂല്യത്തിൽ 96,000 കോടി റിയാലിന്റെ വർധനയാണുണ്ടായത്. വ്യാഴാഴ്ച രാവിലെ സൗദി അറാംകോ ഓഹരി വില പരമാവധി തോതായ പത്തു ശതമാനത്തിലാണ് ആരംഭിച്ചത്. വിപണി ക്ലോസ് ചെയ്യുമ്പോഴേക്കും ഇത് 4.55 ശതമാനത്തിലേക്ക് താഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സൗദി അറാംകോ വിപണി മൂല്യം രണ്ടു ട്രില്യൺ ഡോളർ കവിഞ്ഞിരുന്നു. കിരീടാവകാശി മുഹമ്മദ് രാജകുമാരൻ നേരത്തെ നടത്തിയ സൗദി അറാംകോയുടെ മൂല്യനിർണയം യഥാർഥ വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് കമ്പനിയുടെ വിപണി മൂല്യം രണ്ടു ട്രില്യൺ ഡോളറിലെത്തിയത് സ്ഥിരീകരിച്ചു.
ലോകത്തെ ഏറ്റവും വലിയ 10 എണ്ണക്കമ്പനികളുടെ ആകെ വിപണി മൂല്യത്തിന്റെ 30 ശതമാനത്തിലേറെയാണ് സൗദി അറാംകോയുടെ മാത്രം വിപണി മൂല്യം. എക്‌സൺ മൊബൈൽ, ഷെൽ, ചെവ്‌റോൺ, പെട്രോചൈന, ടോട്ടൽ, റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടീഷ് പെട്രോളിയം, പെട്രോബ്രാസ്, ഗ്യാസ്‌പ്രോം, സിനോപെക് എന്നീ ലോകത്തെ ഏറ്റവും വലിയ പത്തു എണ്ണ കമ്പനികളുടെ ആകെ വിപണി മൂല്യം 1.52 ട്രില്യൺ ഡോളറാണ്.
ആപ്പിൾ, മൈക്രോസോഫ്റ്റ് കമ്പനികളുടെ വിപണി മൂല്യത്തിന്റെ 64 ശതമാനം കൂടുതലാണ് സൗദി അറാംകോയുടെ വിപണി മൂല്യം. ആപ്പിൾ, മൈക്രോസോഫ്റ്റ് കമ്പനികളുടെ വിപണി മൂല്യം 1.2 ട്രില്യൺ ഡോളർ വീതമാണ്. സൗദി അറാംകോ ഓഹരികൾ ലിസ്റ്റ് ചെയ്ത ആദ്യ ദിവസമായ ബുധനാഴ്ച പരമാവധി പരിധിയിലാണ് ഷെയറുകൾ ക്ലോസ് ചെയ്തത്. അറാംകോ ഐ.പി.ഒ നിരക്ക് 32 റിയാലായിരുന്നു. ബുധനാഴ്ച 35.2 റിയാലിലാണ് അറാംകോ ഓഹരികൾ ക്ലോസ് ചെയ്തത്.
സൗദി അറാംകോയുടെ 1.5 ശതമാനം ഓഹരികൾ (300 കോടി ഓഹരികൾ) നവംബർ 17 മുതൽ ഡിസംബർ നാലു വരെയുള്ള ദിവസങ്ങളിലാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തിയത്. ഇതിൽ നൂറു കോടി ഓഹരികൾ വ്യക്തികൾക്കും 200 കോടി ഷെയറുകൾ സ്ഥാപനങ്ങൾക്കുമാണ് നീക്കിവെച്ചിരുന്നത്. ഓഹരി വിൽപനയിലൂടെ ആകെ 9600 കോടി റിയാലാണ് സമാഹരിച്ചത്. ഇതിൽ 3200 കോടി റിയാൽ വ്യക്തികളുടെ വിഹിതവും 6400 കോടി റിയാൽ സ്ഥാപനങ്ങളുടെ സംഭാവനയുമാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആയി സൗദി അറാംകോ ഐ.പി.ഒ മാറി. സൗദി അറാംകോ ഓഹരിയാവശ്യം നാലരയിരട്ടി കവിഞ്ഞിരുന്നു. ആകെ 446 ബില്യൺ റിയാലിന്റെ (119) ബില്യൺ ഡോളറിന്റെ ഓഹരികളാണ് വ്യക്തികളും സ്ഥാപനങ്ങളും സബ്‌സ്‌ക്രൈബ് ചെയ്തിരുന്നത്.