ന്യൂദല്‍ഹി- ദല്‍ഹിയില്‍ അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയ്ക്കു വേണ്ടി തന്ത്രങ്ങളും പ്രചാരണ പരിപാടികളും ഒരുക്കാന്‍ തെരഞ്ഞെടുപ്പു തന്ത്രജ്ഞനും ജെഡിയു നേതാവുമായ പ്രസാന്ത് കിശോര്‍ രംഗത്ത്. പ്രശാന്തിന്റെ ഐ-പാക് എന്ന കണ്‍സല്‍ട്ടന്‍സി സ്ഥാപനവും എഎപിയും ഇതു സംബന്ധിച്ച് ധാരണയിലെത്തിയതായി എഎപി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. പഞാബില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചതിനു ശേഷം ലഭിക്കുന്ന കടുത്ത ജോലിയാണിതെന്ന് ഐ-പാക് പ്രതികരിച്ചു. 2014ല്‍ നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിശോറായിരുന്നു. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു-ബിജെപി സഖ്യത്തെ അധികാരത്തിലെത്തിച്ചതും പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു. പിന്നീട് കോണ്‍ഗ്രസടക്കം പല പാര്‍ട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അടുപ്പം പ്രശാന്തിനെ ജെഡിയുവിന്റെ വൈസ് പ്രസിഡന്റ് പദവിയില്‍ വരെ എത്തിച്ചു. ഇപ്പോള്‍ പൗരത്വ നിയമം സംബന്ധിച്ച അഭിപ്രായ ഭിന്നതയെ തുടര്‍ന്നു പാര്‍ട്ടിയുമായി പ്രശാന്ത് ഇടഞ്ഞു നില്‍ക്കുകയാണ്.
ആന്ധ്രാ പ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തൂത്തുവാരിയ വിജയം നേടാന്‍ സഹായിച്ചതാണ് പ്രശാന്ത് കിശോറിന്റെ ഏറ്റവുമൊടുവിലെ തെരഞ്ഞെടുപ്പു നേട്ടം. 2017ല്‍ യുപിയില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ഇപ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടിയും പ്രശാന്ത് ജോലി ചെയ്യുന്നുണ്ട്.