ഗിരിഡി- വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്‌ക്കാരം, സാമൂഹിക സ്വത്വം, ഭാഷ, രാഷ്ട്രീയ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുമെന്നും മോഡി സര്‍ക്കാര്‍ ഇവയില്‍ കൈവെക്കില്ലെന്നും ഉറപ്പു നല്‍കുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം ഭേദഗതി ചെയ്ത് പ്രാബല്യത്തിലാക്കിയതിനെതിരെ വടക്കു കിഴക്കന്‍ മേഖലയില്‍ സംഘര്‍ഷഭരിതമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഷായുടെ മറുപടി. ദല്‍ഹിയില്‍ ഇന്ന് സേവ് ഇന്ത്യാ റാലി സംഘടിപ്പിച്ച കോണ്‍ഗ്രസിനെയും ഷാ പരിഹസിച്ചു. പൗരത്വ നിയമത്തിനു ശേഷം കോണ്‍ഗ്രസിനു വയറു വേദന പിടിച്ചിരിക്കുകയാണെന്നായിരുന്നു ഷായുടെ കൊട്ട്. ജാര്‍ഖണ്ഡിലെ ഗിരിഡില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന അസം, മേഘാലയ അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാണ്.