ശ്രീനഗര്‍- കശ്മീരില്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ തടങ്കല്‍ മൂന്ന് മാസത്തേക്കു കൂടി നീട്ടി. ജമ്മു കശമീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു പിന്നാലെയാണ് മറ്റു നേതാക്കള്‍ക്കൊപ്പം ഫാറൂഖ് അബ്ദുല്ലയേയും ഓഗസ്റ്റ് മുതല്‍ കാടന്‍ നിയമമെന്നറിയപ്പെടുന്ന പൊതുസുരക്ഷാ നിയമ പ്രകാരം തടങ്കലിലാക്കിയത്. സബ് ജയിലായി പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ വീട്ടില്‍ തടവിലാണിപ്പോള്‍. കഴിഞ്ഞ ദിവസം അവസാനിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാനും അദ്ദേഹത്തെ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. സര്‍ക്കാരിന്റെ ഈ നടപടിയെ വിമര്‍ശിച്ച് ഫാറൂഖ് അബ്ദുല്ല ശശി തരൂര്‍ എംപിക്ക് കത്തയച്ചിരുന്നു.
പൊതു സുരക്ഷാ നിയമ പ്രകാരം സര്‍ക്കാരിന് ഒരാളെ വിചാരണ കൂടാതെ രണ്ടു വര്‍ഷം വരെ തടങ്കലിലിടാം. ഇതാദ്യമായാണ് കശ്മീരില്‍ ഈ നിയമം മുഖ്യധാരാ രാഷ്ട്രീയ നേതാക്കല്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. മൂന്ന് തവണ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല നിലവില്‍ എംപിയുമാണ്.
ഫാറൂഖിനെ കൂടാതെ മകനും മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി എന്നിവരും വീട്ടു തടങ്കലില്‍ തുടരുകയാണ്.