ന്യൂദൽഹി- നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡിൽ പ്രതിസന്ധി. പൗരത്വഭേദഗതി ബില്ലിനെ എതിർത്ത പാർട്ടി വൈസ് പ്രസിഡന്റും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് ആവശ്യമെങ്കിൽ പാർട്ടി വിടാമെന്ന് മുതിർന്ന നേതാവ് സഞ്ജയ് സിംഗ് വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രശാന്ത് കിഷോര്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്നും സജ്ഞയ് സിംഗ് പറഞ്ഞു. പ്രശാന്ത് കിഷോറും പാർട്ടി അധ്യക്ഷനും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് സജ്ഞയ് സിംഗിന്റെ പ്രസ്താവന.
'പൗരത്വഭേദഗതി ബില്ലിനെ പിന്തുണക്കാനാണ് തീരുമാനം. ദേശീയ പ്രസിഡന്റിന്റെ തീരുമാനത്തെ തീരുമാനത്തെ എതിർക്കുന്നത് അംഗീകരിക്കാനാവില്ല. പാർട്ടി തീരുമാനങ്ങളെ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹത്തിന് പാർട്ടി വിടാം.' സജ്ഞയ് സിംഗ് പറഞ്ഞു.
ഇരു സഭകളിലും ജെ.ഡി.യു പൗരത്വഭേദഗതി ബില്ലിനെ അനുകൂലിക്കുകയും എന്നാൽ പ്രശാന്ത് കിഷോർ ബില്ലിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിനുള്ള അവകാശത്തെ വിവേചിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ജെ.ഡി.യു പിന്തുണക്കുന്നത് നിരാശാജനകമാണെന്നും ഗാന്ധിയൻ ആദർശങ്ങളാൽ നയിക്കപ്പെടുന്ന നേതൃത്വമുള്ള മതേതരം എന്ന വാക്ക് ആദ്യ പേജിൽ തന്നെ മൂന്ന് തവണ പറയുന്ന പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.