ന്യൂദൽഹി- കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. സർക്കാരിനെതിരെ എല്ലാവരും അണിനിരക്കണം. ഈ സമയത്തും പ്രതിഷേധിക്കാതിരുന്നാൽ ബാബാ സാഹെബ് അംബേദ്കർ ഇന്ത്യക്ക് സമ്മാനിച്ച ഭരണഘടന അധികം വൈകാതെ ഈ സർക്കാർ നശിപ്പിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാംലീല മൈതാനത്ത് തടിച്ചുകൂടിയവരോട് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മോശമാക്കിയതിനും പൗരത്വഭേദഗതി ബിൽ നടപ്പാക്കിയതിനുമെതിരെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ദൽഹിയിൽ സേവ് ഇന്ത്യ റാലി നടക്കുന്നത്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന മോഡി സർക്കാറിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് രാഹുൽ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ ഐ.സി.യുവിലാക്കിയതും മോഡിയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം. പഞ്ചാബ്, യു.പി, ഹരിയാന, ദൽഹി സംസ്ഥാനങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് റാലിയിൽ പങ്കെടുക്കുന്നത്.