ന്യൂദല്‍ഹി-പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മെഹുവ മൊയ്ത്ര നല്‍കിയ ഹരജിയാണ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചത്.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉടന്‍ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. പൗരത്വ ബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്തായിരുന്നു മെഹുവ മൊയ്ത്രയുടെ ഹരജി. തിങ്കളാഴ്ച ഹരജി പരിഗണിക്കണമെന്നായിരുന്നു മൊയ്ത്രയുടെ ആവശ്യം. ഇത് നിരാകരിച്ച കോടതി സുപ്രീംകോടതി രജിസ്ട്രാര്‍ മുമ്പാകെ ഹരജി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ബില്ലിനെതിരെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കോണ്‍ഗ്രസും അടുത്ത ദിവസം തന്നെ ഹരജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.