ന്യൂദല്‍ഹി- പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതോടെ നിയമമായി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ നടക്കുന്ന പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായിരിക്കയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബില്ലിനെതിരെ പ്രതിഷേധം ശക്തമായി.
അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് വിവാദ നിയമം.
ഔദ്യോഗിക ഗസറ്റില്‍ വ്യാഴാഴ്ച വിജ്ഞാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു. 2014 ഡിസംബര്‍ 31 നുമുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്ക് അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കാതെ പൗരത്വം അനുവദിക്കുന്നതാണ് നിയമം.
അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിച്ച ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള നിയമമെന്ന് മോഡി സര്‍ക്കാര്‍ അവകാശപ്പെടുന്ന ബില്‍ രൂക്ഷവിമര്‍ശനത്തിനിടെയാണ് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്.