ന്യൂദൽഹി- വിദ്വേഷ പ്രചാരണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളിൽ ഒന്നായ ആർട്ടിക് പോളാർ എക്‌സ്‌പെഡിഷനിൽ വോട്ടിംഗിലൂടെയുള്ള വിജയികളുടെ പ്രഖ്യാപനം നീട്ടിവച്ചു. സ്വീഡിഷ് കമ്പനിയായ ഫിയൽ റാവന്റേയുടേതാണ് തീരുമാനം. ഡിസംബർ 13 ന് വിജയികളെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാൽ മത്സരാർത്ഥികൾ വലിയ രീതിയിൽ വിദ്വേഷ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രഖ്യാപനം നീട്ടിയത്. വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടാൽ മത്സരാർത്ഥികളെ അയോഗ്യരാക്കുമെന്നും ഫിയൽ റാവൻ വിശദമാക്കി. വോട്ടിംഗിന് വേണ്ടി നടത്തിയ പ്രചാരണങ്ങൾ കൃത്യമായി പഠിച്ച ശേഷം അടുത്തമാസം വിജയിയെ പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കി.