Sorry, you need to enable JavaScript to visit this website.

ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് നാലുപേര്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; സംഭവം മുംബൈയില്‍

മുംബൈ- ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സെല്‍ഫിയും ടാഗ് ചെയ്ത ലൊക്കേഷനും നോക്കി നാലു യുവാക്കള്‍ ചേര്‍ന്ന് 22കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. കിഴക്കന്‍ മുംബൈയിലെ ഘട്‌കോപറില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇവിടുത്തെ പ്രശസ്ത ഭക്ഷണശാലയാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ലൊക്കേഷന്‍. ഇതു നോക്കിയാണ് പ്രതികള്‍ യുവാവിനെ പിന്തുടര്‍ന്നത്. സംഭവത്തില്‍ മെഹുല്‍ പാര്‍മര്‍ (21), ആസിഫ് അലി അന്‍സാരി (23), പിയൂഷ് ചൗഹാന്‍ (22) എന്നീ യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാളെയും പിടികൂടി. തട്ടിക്കൊണ്ടു പോകല്‍, പ്രകൃതിവിരുദ്ധ പീഡനം, കൊള്ള എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

ഞായറാഴ്ച രാത്രി 10.30നാണ് ഭക്ഷണശാലയ്ക്കു പുറത്തു വച്ച് സെല്‍ഫി ഇന്‍സ്റ്റഗ്രാമിലിട്ടത്. ഇതു കഴിഞ്ഞ് 15 മിനിറ്റു പിന്നിട്ടപ്പോഴേക്കും പ്രതികളായ മെഹുലും പിയൂഷും യുവാവിനെ സമീപിച്ചു. ഫോട്ടോ ഇഷ്ടപ്പെട്ടെന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞ് സംസാരിച്ചു തുടങ്ങി. ഇതിനിടെ ഒരു ബൈക്ക് റൈഡ് നടത്താമെന്നും പറഞ്ഞ് യുവാവിനെ വലയിലാക്കുകയും കുറച്ചു ദൂരം കൊണ്ടു പോകുകയും ചെയ്തു. 20 മിനിറ്റ് ദൂരം എയര്‍പോര്‍ട്ട് ഭാഗത്തേക്കുള്ള റോഡില്‍ സഞ്ചരിച്ച് ഒരു ഹോട്ടലിനു സമീപം നിര്‍ത്തി. ഇവിടെ ഒരു കാറില്‍ മറ്റൊരു പ്രതി കാത്തിരുന്നു. പിന്നീട് കാറിലെക്ക് ബലമായി പിടിച്ചു കയറ്റി ഓരോരുത്തരായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതി. ഒരു മണിക്കൂറിനു ശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇവിടെ എത്തിയത്. ഓറല്‍ സെക്‌സ് ചെയ്തു കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാലു പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും ചെയ്തു. മൂന്നു മണിക്കൂറോളം ഇവര്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് യുവാവിനെ പീഡിപ്പിച്ച ശേഷം പുറംതള്ളിയതായും പരാതിയില്‍ പറയുന്നു. തന്റെ കയ്യിലുണ്ടായിരുന്ന നാലായിരം രൂപയും പ്രതികള്‍ തട്ടിയെന്നും ഇതില്‍ നിന്ന് 2000 രൂപ എടുത്ത് കാറില്‍ പെട്രോള്‍ അടിച്ചതായും പരാതിക്കാരന്‍ പറയുന്നു.

പ്രതികളെ തിങ്കളാഴ്ച വരെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തി എത്താത്ത പ്രതിയെ ഡോംഗ്രിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പ്രതികള്‍ സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പോലീസ് പറഞ്ഞു.
 

Latest News