ന്യൂദല്‍ഹി- രാജ്യസഭ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ വ്യാപാക പ്രതിഷേധം ഉയരുന്നതിനിടെ അസമിലേക്കുള്ള ട്രെയിന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാന സര്‍വീസുകളും 21 ട്രെയിന്‍ സര്‍വീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. പൗരത്വ ബില്ലിനെതിരെ അസമില്‍ പ്രക്ഷോഭം വ്യാപകമായി തുടരുകയാണ്. പ്രതിഷേധവുമായി ആയിരങ്ങളാണ് അസമില്‍ തെരുവിലിറങ്ങിയത്. ഗുവാഹതിയില്‍ അടക്കം ഒട്ടേറെ സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഗുവാഹത്തിയില്‍ പൊലീസിന്റെയും സര്‍ക്കാര്‍ വകുപ്പുകളുടെയും വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം തെരുവുയുദ്ധമായി.
ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ച അസം സര്‍ക്കാര്‍ ക്രമസമാധാന പുനഃസ്ഥാപനത്തിന് കരസേനയുടെ സഹായം തേടി. ഇവിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.
എയര്‍ഇന്ത്യ കൊല്‍ക്കത്ത ദിബ്രിഗഡ് സര്‍വീസും വിസ്താര ഗുവാഹതി ദിബ്രുഗഡ് രണ്ട് സര്‍വീസുകളും റദ്ദാക്കി. ഡിസംബര്‍ 13 വരെ ഗുവാഹതി, ദിബ്രുഗഡ്, ജോര്‍ഹത് എന്നിവിടങ്ങളിലേക്കുള്ളതും ഇവിടങ്ങളില്‍നിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും സമയക്രമം മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് സ്‌പൈസ് ജെറ്റും ഗോ എയറും അറിയിച്ചിട്ടുണ്ട്.