ജിസാൻ - ദക്ഷിണ സൗദി അറേബ്യയിലെ ആദ്യ സിനിമാ തിയേറ്റർ പ്രവർത്തനം തുടങ്ങി. ജിസാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ജിസാനിലെ റാശിദ് മാളിൽ 4.2 കോടിയിലേറെ റിയാൽ ചെലവഴിച്ചാണ് തിയേറ്റർ സ്ഥാപിച്ചത്.
പത്തു സ്‌ക്രീനുകൾ അടങ്ങിയ മൾട്ടിപ്ലക്‌സ് ആണ് ജിസാനിൽ തുറന്നിരിക്കുന്നത്. ഓരോ തിയേറ്ററിലും 80 മുതൽ 120 വരെ സീറ്റുകളുണ്ട്. ഇതിൽ രണ്ടു തിയേറ്ററുകൾ കുട്ടികൾക്കു മാത്രമുള്ളതാണ്.
മൾട്ടിപ്ലക്‌സിലെ തിയേറ്ററുകളും വ്യത്യസ്ത വിഭാഗങ്ങളും മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ നടന്നു കണ്ടു. ഫൈസൽ രാജാവിന്റെ ജീവചരിത്രം ആസ്പദമാക്കിയുള്ള ബോൺ എ കിംഗ് എന്ന സിനിമയാണ് തിയേറ്ററിൽ ആദ്യം പ്രദർശിപ്പിച്ചത്.
പ്രഥമ പ്രദർശനം ജിസാൻ ഡെപ്യൂട്ടി ഗവർണർ വീക്ഷിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മൾട്ടിപ്ലക്‌സ് ജിസാൻ ഡെപ്യൂട്ടി ഗവർണർ ഉദ്ഘാടനം ചെയ്തത്. ഇന്നലെ രാത്രി മുതൽ പൊതുജനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രദർശനങ്ങൾക്ക് തുടക്കമായി. ജിസാൻ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല ബിൻ സ്വാലിഹ് അൽമുദൈമിഗ്, ജിസാൻ മേയർ നായിഫ് ബിൻ മനാഹി ബിൻ സഈദാൻ, വികസന കാര്യങ്ങൾക്കുള്ള ജിസാൻ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഖുസൈബി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.