ന്യൂദല്‍ഹി- പൗരത്വ ഭേദഗതി ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍ മൂന്നോട്ടു പോകുന്നത് അത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായതു കൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രാജ്യസഭയില്‍ ചര്‍ച്ചയില്‍ പറഞ്ഞു. നമുക്കൊരു പൗരത്വ നിയമം ഈ രാജ്യത്തുണ്ട്. ജനനം കൊണ്ടും പാരമ്പര്യം കൊണ്ടും രജിസ്‌ട്രേഷന്‍ കൊണ്ടും അല്ലെങ്കില്‍ ഏതെങ്കിലും ഭൂപ്രദേശത്തെ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ സ്വാഭാവികമായും പൗരത്വം അംഗീകരിക്കുന്ന നിയമമാണിത്. ഇപ്പോള്‍ ഏകപക്ഷീയ വിധി തീര്‍പ്പിലൂടെ പൗരത്വം നല്‍കുന്ന പുതിയ ഗണം കൂടി ഈ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നു- ചിദംബരം പറഞ്ഞു.
മൂന്ന് കാരണങ്ങള്‍ കൊണ്ട് ഭരണഘടനയുടെ 14ാം വകുപ്പ് ലംഘിക്കുന്നതാണ് ഈ വിവാദ ബില്ലെന്നും ചിദംബരം പറഞ്ഞു. കോടതിക്കു മുമ്പിലെത്തിയാല്‍ ഈ നിയമം വെട്ടുമെന്ന് ഉറപ്പുണ്ടെന്നും ചിദംബരം പറഞ്ഞു. നാം ഇപ്പോള്‍ ചെയ്യുന്നത് ഭരണഘടനയെ ഉള്ളില്‍ നിന്നു തന്നെ തകര്‍ക്കുകയാണ്. വഞ്ചന പതിയിരിക്കുന്ന ഈ ബില്ലിലൂടെ ഭരണഘടനയുടെ ചെറിയൊരു ഭാഗത്തെ തകര്‍ക്കുകയാണ്. കോടതി ഇതു തടയുമെന്നും ഇന്ത്യയേയും ഇന്ത്യ എന്ന ആശയത്തേയും രക്ഷിക്കുമെന്നുമാണ് പ്രതീക്ഷ- ചിദംബരം പറഞ്ഞു.
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അറ്റോര്‍ണി ജനറലിലെ പാര്‍ലമെന്റിലേക്കു വിളിച്ചു വരുത്തണമെന്നും ചിദംബരം വെല്ലുവിളിച്ചു. ആരാണ് ഈ ബില്ലിന് നിയമോപദേശം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് മൂന്ന് രാജ്യങ്ങളെ മാത്രം ഉള്‍പ്പെടുത്തുകയും ബാക്കി അയല്‍രാജ്യങ്ങളെ ഒഴിവാക്കുകയും ചെയ്തത്. ആറു മത വിഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തുകുയും അഹമദിയ, ഹസറ, റോഹിങ്യ തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയതും എന്തു കൊണ്ടാണെന്നും ചിദംബരം ചോദിച്ചു. ശ്രീലങ്കയില്‍ നിന്നും ഭൂട്ടാനില്‍ നിന്നുമുള്ള ഹിന്ദുക്കളെ ഒഴിവാക്കിയത് എന്തിന്? ഇതൊന്നും യുക്തിക്കു നിരക്കുന്നതല്ലെന്നും ചിദംബരം പറഞ്ഞു.