ന്യൂദൽഹി- പൗരത്വഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ബിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലക്കേറ്റ പ്രഹരമാണെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആഞ്ഞടിച്ചു. എല്ലാ വാതിലുകളും തുറന്നിടുന്ന രാജ്യത്തിന്റെ പേരാണ് ഇന്ത്യയെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നും അക്കാര്യം അമിത് ഷാ മറന്നുപോകരുതെന്നും ആനന്ദ് ശർമ ആവശ്യപ്പെട്ടു. പൗരത്വം നിഷേധിക്കപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കോൺസൺട്രേഷൻ ക്യാമ്പുകൾ അമിത് ഷാ സന്ദർശിക്കണം. ബി.ജെ.പിയുടെ എന്നല്ല, ഏത് പാർട്ടിയുടെയും തെരഞ്ഞെടുപ്പ് പ്രകടന പത്രിക രാജ്യത്തിന്റെ ഭരണഘടനക്ക് മുകളിൽ അല്ലെന്നും ആനന്ദ് ശർമ്മ വ്യക്തമാക്കി. ഇന്ത്യയെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പൗരത്വഭേദഗതി ബിൽ പാസായാൽ അത് ഇന്ത്യയെ ദുർബലപ്പെടുത്തുമെന്നും ആനന്ദ് ശർമ്മ വ്യക്തമാക്കി.