ന്യൂദല്‍ഹി- മതാടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദി കോണ്‍ഗ്രസാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് ശശി തരൂരിന്റെ വായടപ്പന്‍ മറുപടി. ദ്വി രാഷ്ട്ര വാദത്തെ പിന്താങ്ങിയിരുന്നത് ഹിന്ദു മഹാസഭയും മുസ്‌ലിം ലീഗും മാത്രമായിരുന്നുവെന്ന പാഠം ചരിത്ര ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ അമിത് ഷാ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത് എന്നായിരുന്നു തരൂരിന്റെ മറുപടി. പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെയാണ് അമിത് ഷാ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ പഴിച്ചത്.
രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, സ്വാതന്ത്ര്യ സമരകാലത്ത് രണ്ടു പാര്‍ട്ടികള്‍ മാത്രമാണ് ദ്വി രാഷ്ട്ര സിദ്ധാന്തത്തെ പിന്തുണച്ചിരുന്നത് എന്നു കാണാം. ഹിന്ദു മഹാസഭുയും മുസ്‌ലിം ലീഗും. ഈ രണ്ടു പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നത് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ രാജ്യങ്ങള്‍ വേണമെന്നായിരുന്നു. മറ്റെല്ലാ നേതാക്കളും ഇതു നിഷേധിക്കുകയും ഇന്ത്യ എല്ലാവരുടേതുമാണെന്നും വാദിച്ചു. കോണ്‍ഗ്രസും അവകാശപ്പെട്ടത് ഇന്ത്യ എല്ലാവരുടേതുമാണെന്നാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഏക ശബ്ദം തങ്ങള്‍ മാത്രമാണെന്ന മുസ്‌ലിം ലീഗിന്റെ അവകാശ വാദത്തോട് കോണ്‍ഗ്രസിന് യോജിപ്പുണ്ടായിരുന്നില്ല. ഇന്ത്യയിലെ മുസ്‌ലിംകള്‍ സുരക്ഷിതരായിരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. അതുകൊണ്ടാണ് വിഭജനത്തിനു പിന്നിലെ യുക്തിയെ അംഗീകരിക്കാതെ വിഭജനത്തിനു ശേഷവും ഇന്ത്യ മുന്നോട്ടു പോയത്- തരൂര്‍ പറഞ്ഞു.