ന്യൂദല്‍ഹി- 12 മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുസ്ലിംകളോട് വിവേചനം കാട്ടുന്നുവെന്ന് ശക്തമായ ആക്ഷേപമുയര്‍ന്ന ഈ വിവാദ ഭേദഗതി നിയമം രാജ്യസഭയിലും പാസാക്കിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലോക്‌സഭയില്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. മറ്റു പാര്‍ട്ടികളുടെ പിന്തുണ വേണ്ടിവരും. രാജ്യസഭയിലെ മൊത്തം അംഗബലം 240 ആണ്. ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 121 അംഗങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. എന്നാല്‍ എന്‍ഡിഎയ്ക്ക് 116 അംഗങ്ങളെ ഉള്ളൂ. അണ്ണാഡിഎംകെ, ജെഡിയു, അകാലി ദള്‍ എന്നീ പാര്‍ട്ടികളുടെ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണിത്. ഇതിനു പുറമെ, ബിജെപി മുന്‍ സഖ്യകക്ഷിയായ ശിവ സേനയുടേത് അടക്കം 14 മറ്റു അംഗങ്ങളുടെ കൂടി പിന്തുണ ലഭിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടല്‍. ലോക്‌സഭയില്‍ ശിവ സേന ബില്ലിനെ പിന്തുണച്ച് ബിജെപിക്കൊപ്പം നിന്നിരുന്നു.
ഒഡീഷയില്‍ നിന്നുള്ള ബിജെപിഡിയുടെ ഏഴ് അംഗങ്ങളും ആന്ധ്ര പ്രദേശില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും ടിഡിപിയുടെ രണ്ട് അംഗങ്ങളും ഒരു മുന്നണിയിലുമില്ലാത്ത 14 അംഗങ്ങളില്‍ ഉള്‍പ്പെടും.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 64 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, സിപിഎം എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ 46 അംഗങ്ങളുടെ പിന്തുണയും യുപിയഎക്ക് ലഭിക്കും. ആകെ 110. ഭൂരിപക്ഷം ലഭിക്കാന്‍ 11 അംഗങ്ങളുടെ പിന്തുണ കൂടി ആവശ്യമാണ്.