Sorry, you need to enable JavaScript to visit this website.

സൗദിയിൽ അടുത്ത വർഷം പുതിയ നികുതികൾ ഉണ്ടാകില്ല- ധനമന്ത്രി

റിയാദ് - അടുത്ത വർഷം പുതിയ നികുതികൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. റിയാദിൽ ബജറ്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവർധിത നികുതി ഉയർത്തില്ല. അന്താരാഷ്ട്ര നാണയ നിധി നിർദേശങ്ങൾ സൗദി അറേബ്യ സ്വീകരിക്കാറില്ല. സാമ്പത്തിക, ധന, സാമൂഹിക തലങ്ങളിൽ ചെലുത്തുന്ന സ്വാധീനങ്ങളെയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മത്സരക്ഷമതയിലുണ്ടാക്കുന്ന സ്വാധീനത്തെയും പറ്റി വിശദമായി പഠിച്ച ശേഷമേ പുതിയ നികുതികളും ഫീസുകളും ബാധകമാക്കുകയുള്ളൂ. 
ജീവിത ഗുണമേന്മ ഉയർത്തുന്നതിനും പാർപ്പിട പദ്ധതിക്ക് പിന്തുണ നൽകുന്നതിനുമുള്ള ശ്രമങ്ങൾ തുടരും. ധന സുസ്ഥിരത കൈവരിക്കേണ്ടതിന്റെയും വരുമാനം വർധിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഈ വർഷം രാജ്യം മികച്ച നേട്ടങ്ങൾ കൈവരിച്ചു. വരും വർഷങ്ങളിൽ കൂടുതൽ മികച്ച നേട്ടങ്ങൾ സാക്ഷാൽക്കരിക്കാനാണ് ശ്രമം. പെട്രോളിതര മേഖലയുടെ വളർച്ചയും പൗരന്മാർക്ക് നൽകുന്ന അടിസ്ഥാന സേവനങ്ങളുടെ ഗുണമേന്മ ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുന്നു. സർക്കാറിന്റെ അടിസ്ഥാന പങ്കാളിയാണ് സ്വകാര്യ മേഖല. സാമ്പത്തിക വികസനത്തിൽ കൂടുതൽ വലിയ പങ്ക് വഹിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധിക്കും വിധം സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിന് ഗവൺമെന്റ് മുൻഗണന നൽകും.
ഗവൺമെന്റിന്റെ ഭാഗത്തു നിന്നുള്ള ശക്തമായ പിന്തുണ പശ്ചാത്തല പദ്ധതികൾ ഏറ്റെടുക്കാൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് പൊതുധന വിനിയോഗം കുറക്കുന്നതിനും പെട്രോളിതര മേഖലയിൽ വളർച്ച വർധിക്കുന്നതിനും സഹായിച്ചു. സർക്കാറിനു മേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ജല, മലിനജല, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ അടുത്ത വർഷം 20 പദ്ധതികൾ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുകയും ഏതാനും സേവനങ്ങൾ സ്വകാര്യവൽക്കരിക്കുകയും ചെയ്യും. സ്വകാര്യവൽക്കരണത്തിന് സർക്കാർ മുൻഗണന നൽകുന്നു. പൊതുബജറ്റ് സൂചകങ്ങളും സാമ്പത്തിക വളർച്ചയിൽ അവ ചെലുത്തുന്ന സ്വാധീനവും എന്ന ശീർഷകത്തിൽ നടന്ന ആദ്യ സെഷനിൽ ധനമന്ത്രിക്കു പുറമെ സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽതുവൈജിരിയും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി ഗവർണർ ഡോ. അഹ്മദ് അൽഖുലൈഫിയും മറ്റും പങ്കെടുത്തു.
 

Latest News