റാഞ്ചി- ജാർഖണ്ഡിൽ തബ്‌രീസ് അൻസാരി എന്ന യുവാവിനെ ഹിന്ദുത്വ തീവ്രവാദികൾ ജയ്ശ്രീറാം വിളികളുമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഏഴു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം എടുത്തു കളഞ്ഞത് നേരത്തെ വിവാദമായിരുന്നു. സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചതെന്ന് മുതിർന്ന അഭിഭാഷകൻ എ അല്ലാം പറഞ്ഞു. പോലീസ് ഡയറി കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് കൊണ്ടുവന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പതിമൂന്ന് പ്രതികളിൽ 12 പേരും ജാമ്യാപേക്ഷ നൽകിയിരുന്നു.
ജാമ്യം ഞെട്ടിപ്പിച്ചുവെന്ന് തബ്‌രീസിന്റെ ഭാര്യ പ്രതികരിച്ചു. തബ്‌രീസിനെ മർദിക്കുന്ന വിഡിയോ വ്യാജമാണോ? ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത്? ആദ്യം പ്രതികൾക്കെതിരായ കൊലക്കുറ്റം എടുത്തുകളഞ്ഞു. ഇപ്പോൾ ജാമ്യവും നൽകിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നത്? അവർ പറഞ്ഞു. പ്രതികൾ ശക്തരാണെന്നും ഭയമുണ്ടെന്നും ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും തബ്‌രീസിന്റെ അമ്മാവൻ മൻസൂർ പറഞ്ഞു.