മക്ക - മാസങ്ങളായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ശിശ കിംഗ് ഫൈസൽ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളും സെക്യൂരിറ്റി ജീവനക്കാരും ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു.
ദിവസങ്ങളായി ശുചീകരണ ജോലികൾ നടത്താത്തത് ആശുപത്രിയിൽ മാലിന്യങ്ങൾ നിറയുന്നതിനും ദുർഗന്ധം വമിക്കുന്നതിനും ഇടയാക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവം ആശുപത്രിയിൽ സന്ദർശകരെയും മറ്റും നിയന്ത്രിക്കുന്നതിന് ആളില്ലാതെ കുത്തഴിഞ്ഞ സാഹചര്യം സംജാതമാക്കിയിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരില്ലാത്തതിനാൽ എല്ലാ വിഭാഗങ്ങളിലും മുഴു സമയവും സന്ദർശകർക്ക് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവേശിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്.
ശിശ കിംഗ് ഫൈസൽ ആശുപത്രിയിലെ ശുചീകരണ, സെക്യൂറ്റി ജോലികളുടെ കരാറേറ്റെടുത്ത സ്വകാര്യ കമ്പനിക്കു കീഴിലെ ജോലിക്കാർക്ക് മൂന്നു മാസത്തിലധികമായി വേതനം ലഭിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് വനിതാ ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവർ അഞ്ചു ദിവസം മുമ്പാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയത്.