Sorry, you need to enable JavaScript to visit this website.

38 പേരുമായി പുറപ്പെട്ട ചിലിയന്‍  സൈനിക വിമാനം കാണാനില്ല

സാന്റിയാഗോ- 38 പേരുമായി യാത്രപുറപ്പെട്ട ചിലിയന്‍ സൈനിക വിമാനം അന്റാര്‍ട്ടിക്കയിലേക്കുള്ള വഴി മധ്യേ അപ്രത്യക്ഷമായി. ചിലിയില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത സി130 ഹെര്‍കുലിസ് എന്ന വിമാനമാണ് അപ്രത്യക്ഷമായത്. 21 യാത്രക്കാരും 17 സൈനിക ഉദ്യോഗസ്ഥരുമാണ് വിമാനത്തില്‍ ഉള്ളത്. അന്റാര്‍ട്ടിക്കയിലെ സൈനിക കേന്ദ്രത്തിലേക്ക് സൈനിക സാമഗ്രികള്‍ എത്തിക്കാനായിരുന്നു വിമാനം പുറപ്പെട്ടത്.
എന്നാല്‍ വഴിമധ്യേ വിമാനത്തിന്റെ സിഗ്‌നല്‍ നഷ്ടപ്പെടുകയായിരുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 4.55 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. 6.13 ന് സിഗ്‌നല്‍ നഷ്ടപ്പെടുകയായിരുന്നു. ഈ സമയത്ത് കാലാവസ്ഥയും പ്രതികൂലമായിരുന്നില്ല. വിമാനം കണ്ടു പിടിക്കുന്നതിനായി സുരക്ഷ സന്നാഹത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ചിലി വ്യോമസേന അറിയിച്ചു. ഇന്ധനം തീര്‍ന്നതു മൂലം പൈലറ്റ് വിമാനം എവിടെയെങ്കിലും ലാന്‍ഡ് ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യോമസേനാ മേധാവി എഡുര്‍ഡോ മൊസ്‌ക്യുരിയ മാധ്യമങ്ങളോട് പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.  വിമാനം അപ്രത്യക്ഷമായതില്‍ ആശങ്ക ഉണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ട്വിറ്ററിലൂടെ അറിയിച്ചു. മേഖലയിലുള്ള വിദേശ വ്യോമസേനകളുള്‍പ്പെടെ വിമാനത്തിനായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അന്റാര്‍ട്ടിക്കയിലെ 1.2 മില്യണ്‍ സ്‌ക്വയര്‍ കിലോ മീറ്റര്‍ ദൂര അളവിലുള്ള മേഖല ചിലിയുടെ അധീനതയിലാണ്. ഇവിടെ ചിലിയുടെ ഒമ്പതു വ്യോമസേനാ താവളങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

Latest News