ദുബായ്- ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളില്‍ ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ച സ്പൂണ്‍, കത്തി, മുള്ള്, കുപ്പി, പാനീയങ്ങള്‍ കുടിക്കാനുള്ള സ്‌ട്രോ, കവറുകള്‍, ഭക്ഷണം കൊണ്ടുപോകുന്ന ട്രേകള്‍ എന്നിവക്കു നിരോധം. ഇവയ്ക്കു പകരം സംവിധാനമൊരുക്കും.
ആറ് മാസത്തിനിടെ വിമാനത്താവളത്തില്‍നിന്നു ശേഖരിച്ചത് 16 ടണ്‍ പ്ലാസ്റ്റിക്കാണ്. വിമാനത്താവളത്തില്‍ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്നത് സ്‌ട്രോകളാണ്. ഒരു ദിവസം ഒന്നരലക്ഷത്തോളെ സ്‌ട്രോകള്‍ ഉപേക്ഷിക്കുന്നതായാണ് കണക്ക്. ഇതാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് വരാന്‍ കാരണം.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലും ജൂണില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിവര്‍ഷം കോടി യാത്രക്കാര്‍ ഇവിടെയെത്തുന്നതായാണു കണക്ക്.
പദ്ധതിയുമായി സഹകരിക്കാന്‍ മക്‌ഡൊണാള്‍ഡ്‌സ്, കോസ്റ്റ കോഫി, സ്റ്റാര്‍ബക്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ നേരത്തേതന്നെ സന്നദ്ധത അറിയിച്ചിരുന്നതായി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. പകരം പുനരുപയോഗിക്കാവുന്ന സ്മാര്‍ട് കപ്പുകളും മറ്റും ഉപയോഗിക്കും.