വരാണസി- ഹിന്ദു അധ്യാപകൻ സംസ്‌കൃതം പഠിപ്പിച്ചാൽ മതിയെന്ന സംഘ്പരിവാർ വിദ്യാർത്ഥി സംഘടനകളുടെ ഭീഷണിയെ തുടർന്ന് അധ്യാപകൻ സംസ്‌കൃത വിഭാഗത്തിൽനിന്ന് രാജിവച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി പ്രൊഫസർ ഫിറോസ് ഖാനാണ് രാജിവെച്ചത്. സംസ്‌കൃത വിദ്യാ ധർമ വിഗ്യാനിൽ(എസ്.വി.ഡി.വി)നിന്ന് രാജിവെച്ച ഫിറോസ് ഖാൻ ആർട്‌സ് വിഭാഗത്തിൽ ജോയിൻ ചെയ്തു. വരാണസിയിലെ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ മുസ്ലിം പ്രൊഫസർ സംസ്‌കൃതം പഠിപ്പിക്കേണ്ടതില്ലെന്ന് എ.ബി.വി.പിയാണ് സമരം ചെയ്തത്. യൂണിവേഴ്‌സിറ്റി അധികൃതർ ഫിറോസ് ഖാന് പിന്തുണയുമായി എത്തിയിരുന്നെങ്കിലും സമരത്തെ തുടർന്ന് ക്ലാസ് എടുക്കാനായിരുന്നില്ല.
ഫിറോസ് ഖാൻ എസ്.വി.ഡി.വി വിഭാഗത്തിൽനിന്ന് രാജിവെച്ചതായി ഡീൻ ബിന്ദേശ്വരി പ്രസാദ് മിശ്ര അറിയിച്ചു. എല്ലാവർക്കും തുല്യ അവകാശം എന്ന സങ്കൽപ്പത്തിലാണ് ഫിറോസ് ഖാന് പഠിപ്പിക്കാൻ അവസരം നൽകിയത് എന്നായിരുന്നു യൂണിവേഴ്‌സിറ്റി അധികൃതർ വ്യക്തമാക്കിയിരുന്നത്.