ന്യൂദല്‍ഹി- പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ച ദേശീയ പൗരത്വ ബില്‍ പാസാക്കി. 80 വോട്ടിനെതിരെ 311 വോട്ടിനാണ് വിവാദ ബില്‍ പാസാക്കിയത്. രാജ്യത്തെ മുസ്ലിംകളെ ലക്ഷ്യമിടുന്ന വിവേചന ബില്ലിനെതിരെ പ്രതിപക്ഷ എം.പിമാര്‍ ശക്തമായ പ്രതിഷേധമാണ് സഭയില്‍ ഉയര്‍ത്തിയത്.
പൗരത്വ ഭേദഗതി ബില്ലിന്റെ എല്ലാ വശങ്ങളും സ്പഷ്ടമായ തരത്തില്‍ വിവരിച്ചതില്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.
അഭയാര്‍ഥികള്‍ക്ക് അവകാശങ്ങള്‍ നല്‍കാനാണ് പൗരത്വബില്‍ കൊണ്ടുവന്നതെന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ബില്‍ ഭരണഘടനാ വിരുദ്ധമല്ല, തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമല്ല. ബില്‍ കൊണ്ടുവന്നത് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് ബില്‍.