Sorry, you need to enable JavaScript to visit this website.

കരുത്ത് കാട്ടി സൗദി അറേബ്യ; പുതിയ ബജറ്റിന് അംഗീകാരം, സാമ്പത്തിക പരിഷ്‌കരണങ്ങൾ തുടരും 

  • ചെലവ് 1020 ബില്യൺ റിയാൽ, വരവ് 833 ബില്യൺ റിയാൽ, കമ്മി 187 ബില്യൺ റിയാൽ

റിയാദ് - ലോക രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ഉഴലുന്നതിനിടെ, വികസനത്തിനും സാമ്പത്തിക വളർച്ചക്കും ക്ഷേമപദ്ധതികൾക്കും മുൻഗണന നൽകി ട്രില്യൺ റിയാലിന്റെ ബജറ്റ് പ്രഖ്യാപിച്ച് സൗദി അറേബ്യ. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അടുത്ത വർഷത്തേക്കുള്ള സൗദി അറേബ്യയുടെ ബജറ്റ് അംഗീകരിച്ചത്. 
സാമ്പത്തിക പരിഷ്‌കരണങ്ങളും വൈവിധ്യവൽക്കരണവും തുടരുമെന്ന്  രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിൽ സൽമാൻ രാജാവ് പറഞ്ഞു. 


സൗദി അറാംകോ ഓഹരി വിൽപനയിലൂടെ സമാഹരിച്ച പണം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വഴി ഫലപ്രദമായ നിലയിൽ നിക്ഷേപിക്കും. വളർച്ചാ, വികസന നിരക്കുകൾ ഉയർത്തുന്നതിന് ലഭ്യമായ വിഭവങ്ങൾ ഏറ്റവും മികച്ച നിലയിൽ ഉപയോഗപ്പെടുത്തും. സ്വകാര്യ മേഖലയെ ശാക്തീകരിക്കുകയും സുതാര്യത, പൊതുധന വിനിയോഗ കാര്യക്ഷമത ഉയർത്തുകയും ചെയ്യും. 
1020 ബില്യൺ റിയാലാണ് ബജറ്റിൽ പൊതുചെലവുകൾക്ക് വകയിരുത്തിയിരിക്കുന്നത്. വിഷൻ 2030 ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ് ബജറ്റിൽ പൊതുചെലവുകൾക്ക് നീക്കിവെച്ച ഭീമമായ തുക വ്യക്തമാക്കുന്നത്. 


പൗരന്മാർക്കു വേണ്ടി അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുക, സാമൂഹിക ക്ഷേമപദ്ധതികൾ മെച്ചപ്പെടുത്തുക, സർക്കാർ സേവനങ്ങൾ നവീകരിക്കുക, ജീവിത നിലവാരം ഉയർത്തുക, ഭവന പദ്ധതികൾക്ക് പിന്തുണ നൽകുക എന്നിവക്കുള്ള സർക്കാർ നയത്തിന്റെ തുടർച്ചയാണ് ഈ ബജറ്റ്. ഉയർന്ന ജീവിതച്ചെലവ് നേരിടുന്നതിന് പൗരന്മാരെ സഹായിക്കുന്ന പ്രത്യേക അലവൻസ് വിതരണം അടുത്ത വർഷാവസാനം വരെ തുടരുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബജറ്റിൽ ഉൾപ്പെടുത്തിയ വികസന, സാമൂഹിക പദ്ധതികൾ ഫലപ്രദമായി നടപ്പാക്കണമെന്നാണ് ബന്ധപ്പെട്ട മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള നിർദേശം.  


രാജ്യത്ത് സുരക്ഷയും സമാധാനവും ഭദ്രതയും നിലനിൽക്കുന്നതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു. ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് മുഴുവൻ വിഭവങ്ങളും ശേഷികളും പ്രയോജനപ്പെടുത്തി പ്രവർത്തനം തുടരും -സൽമാൻ രാജാവ് പറഞ്ഞു. ചെലവുകൾക്ക് 1020 ബില്യൺ റിയാൽ നീക്കിവെച്ച ബജറ്റിൽ പ്രതീക്ഷിക്കുന്ന പൊതുവരുമാനം 833 ബില്യൺ റിയാലാണ്. 187 ബില്യൺ റിയാലാണ് കമ്മി കണക്കാക്കുന്നത്. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 6.4 ശതമാനത്തിന് തുല്യമാണ് കമ്മിയെന്ന് ബജറ്റിനെ കുറിച്ച് മന്ത്രിസഭാ യോഗത്തിൽ നൽകിയ സംക്ഷിപ്ത വിശദീകരണത്തിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 


ഈ വർഷത്തെ യഥാർഥ ബജറ്റ് ചെലവ് 1048 ബില്യൺ റിയാലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവരുമാനം 917 ബില്യൺ റിയാലാകുമെന്നും കണക്കാക്കുന്നു. ഇതു പ്രകാരം ഈ വർഷത്തെ ബജറ്റ് കമ്മി 131 ബില്യൺ റിയാലാകും. ഇത് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 4.7 ശതമാനമാണ്. 
പുതിയ ബജറ്റിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകുന്നു. ആരോഗ്യ, സാമൂഹിക വികസന മേഖലക്ക് 167 ബില്യൺ റിയാലും വിദ്യാഭ്യാസ മേഖലക്ക് 193 ബില്യൺ റിയാലും നീക്കിവെച്ചിട്ടുണ്ട്. ആകെ ബജറ്റിന്റെ 35 ശതമാനവും ആരോഗ്യ, സാമൂഹിക വികസന, വിദ്യാഭ്യാസ മേഖലകൾക്കാണ് നീക്കിവെച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ബജറ്റിൽ ഒപ്പുവെക്കുന്നു.  

Latest News