പത്തനംതിട്ട-അടൂരില്‍ 16കാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖില്‍, ഹരിനാരായണന്‍ എന്നിവരെയാണ് അടൂര്‍ പോലീസ് പിടികൂടിയത്. സ്‌കൂള്‍ വിട്ട് മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ നിഖില്‍ സ്‌കൂളിന് സമീപത്തെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നിഖിലിന് സഹായം ചെയ്ത് നല്‍കിയതിനാണ് ഹരിനാരായണനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസിലെ ജീവനക്കാരനായ നിഖില്‍ പെണ്‍കുട്ടിയുമായി ബസില്‍വെച്ചുള്ള പരിചയം മുതലെടുത്ത് അടുപ്പം ഉണ്ടാക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ഹരിനാരായണന്റെ വീട്ടില്‍ താമസിപ്പിച്ചു. കുട്ടിയുമായി പ്രണയത്തിലാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. പെണ്‍കുട്ടി വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഹരിനാരായണന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. അടൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും, ബസ് ജീവനക്കാരനായ മറ്റൊരാള്‍ക്ക് കൂടി കേസുമായി ബന്ധമുണ്ടെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.