ന്യൂദല്‍ഹി- രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലെന്നും, മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കാനുള്ള ഗൂഢ നീക്കമാണ് ഇതിന് പിന്നിലെന്നും ഐ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. തീര്‍ത്തും ഭരണഘടനാവിരുദ്ധമാണെന്ന് ആക്ഷേപിച്ചുകൊണ്ട് ബില്ലിന്റെ കോപ്പി ലോക്‌സഭയില്‍ കീറിയെറിഞ്ഞ അദ്ദേഹം, മഹാത്മാ ഗാന്ധി ദല്‍ഹിയില്‍ ചെയ്തതിന് സമാനമായ കാര്യമേ താനും ചെയ്യുന്നുള്ളൂവെന്ന് വ്യക്തമാക്കി. ഗാന്ധിജിക്ക് 'മഹാത്മ' എന്ന ബഹുമതി ലഭിച്ചത് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ വിവേചനപരമായ പൗരത്വ കാര്‍ഡ് കീറിയെറിഞ്ഞതിനു ശേഷമാണ്. അതേ രീതിയിലുള്ള ഒരു പൗരത്വ ബില്‍ കീറിയെറിയാതിരിക്കാന്‍ താന്‍ ഒരു കാരണവും കാണുന്നില്ല. ഈ ബില്‍ പാസാക്കിയാല്‍ 1947 ലെ വിഭജന കാലത്തിന്റെ ആവര്‍ത്തനമാവും ഇന്ത്യയില്‍ ഉണ്ടാവുകയെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പറഞ്ഞ ഉവൈസി, ചര്‍ച്ചക്കിടെ അരുണാചല്‍ പ്രദേശിലെ ചൈനീസ് അധിനിവേശവും ഉന്നയിച്ചു. വിദേശ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ തിരിച്ചു പിടിക്കുന്നതില്‍ ഇവര്‍ എന്താ ശ്രദ്ധ കേന്ദ്രീകരിക്കാത്തത്. നിങ്ങള്‍ക്കെന്താ ചൈനയെ പേടിയാണോ? -ഉവൈസി ചോദിച്ചു.
ബില്‍ കീറിയെറിഞ്ഞ ഉവൈസിയുടെ നടപടി പാര്‍ലമെന്റിനോടുള്ള അവഹേളനമാണെന്ന് ബി.ജെ.പി അംഗങ്ങള്‍ കുറ്റപ്പെടുത്തി.