കോഴിക്കോട് - മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച് മുസ്‌ലിംകളെ വംശീയ ഉൻമൂലനത്തിന് വിധേയമാക്കാൻ ശ്രമിക്കുന്ന പൗരത്വ ബില്ലിനെ സമൂഹം തള്ളിക്കളയണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച് മുസ്‌ലിംകളെ അപരരായി പ്രഖ്യാപിക്കാനുള്ള ഭരണകൂടത്തിന്റെ വംശീയ പദ്ധതി മറനീക്കി പുറത്തുവന്നിരിക്കുകയാണ് ഈ ബില്ലിലൂടെ.
പ്രതിപക്ഷ പാർട്ടികളെയും ജനാധിപത്യ വാദികളെയും വിവിധ ഭീഷണികളിലൂടെ നിശ്ശബ്ദരാക്കി ബില്ല് പാസാക്കിയെടുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ജനാധിപത്യവും ഭരണഘടനയും ഉറപ്പുനൽകുന്ന നിയമത്തിലും നിയമപാലനത്തിലുമുള്ള സമത്വത്തെയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വ ബില്ല് ഭേദഗതി ഇല്ലാതാക്കുന്നത്.
ഭരണഘടനാ മൂല്യങ്ങളുടെയും ജനാധിപത്യത്തിന്റെ ആത്മാവിന്റെയും വ്യക്തമായ നിഷേധമായ പൗരത്വബില്ലിനെയും അതിന്റെ കൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വ രജിസ്റ്ററിനെയും ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർ ബഹിഷ്‌കരിക്കുകയാണ് ചെയ്യേണ്ടത്. ബില്ല് പാസാക്കിയെടുക്കുന്ന വംശീയ മുൻവിധികളുള്ളവർ നടപ്പാക്കുന്ന ഇത്തരം സംവിധാനങ്ങളിലൂടെ എന്ത് രേഖകൾ ഹാജരാക്കിയാലും അവരുദ്ദേശിക്കുന്നവരെ പുറത്താക്കാനാകും. മാത്രമല്ല പ്രത്യേക വിഭാഗങ്ങളുടെ പൗരത്വത്തെയും അസ്തിത്വത്തെയും സംശയത്തിന്റെ നിഴലിലാക്കി പേടിപ്പിച്ച് ഭരിക്കാനും രണ്ടാം തരം പൗരന്മാരെ സൃഷ്ടിക്കാനുമുള്ള കുതന്ത്രമാണിത്.
പൗരത്വ ബില്ലിന്റെയും പൗരത്വ രജിസ്റ്ററിന്റെയും ജനവിരുദ്ധതയെ തുറന്നുകാട്ടി സമൂഹത്തെ ബോധവൽക്കരിക്കുന്ന പരിപാടികൾ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. അതിന്റെ ഭാഗമായി നൂറിലധികം ഏരിയാ കേന്ദ്രങ്ങളിൽ 'വംശീയ ഉന്മൂലനം ലക്ഷ്യം വെക്കുന്ന പൗരത്വ ബില്ലിനെ തള്ളിക്കളയുക' എന്ന തലക്കെട്ടിൽ പ്രതിരോധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും നഹാസ് മാള കൂട്ടിച്ചേർത്തു.