കൊച്ചി- പി.ഡി.പി സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായിചേർന്ന സംസ്ഥാന കൗൺസിൽ യോഗം പാർട്ടി ചെയർമാനായി അബ്ദുന്നാസിർ മഅ്ദനിയെ വീണ്ടും തെരഞ്ഞെടുത്തു. 1993 മുതൽ പാർട്ടി സ്ഥാപക നേതാവായ മഅ്ദനി 7-ാം തവണയാണ് ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നത്. സെപ്റ്റംബർ 1 മുതൽആരംഭിച്ച വാർഡ്, പഞ്ചായത്ത്, നിയോജകമണ്ഡലം, ജില്ല കൺവെൻഷനുകളും ഭാരവാഹി തെരഞ്ഞെടുപ്പുകളും പൂർത്തിയാക്കിയതിന് ശേഷമാണ് സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് സെക്രട്ടറിയേറ്റ് അംഗങ്ങളേയും ചെയർമാനെയും തെരഞ്ഞെടുത്തത്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും സംസ്ഥാന ഭാരവാഹികളേയും ചെയർമാൻ പിന്നീട് പ്രഖ്യാപിക്കും.
എറണാകുളം ടൗൺഹാളിൽ സുബൈർ സബാഹി നഗറിൽ നടന്ന കൗൺസിൽ യോഗം ബംഗളൂരുവിൽ നിന്നുള്ള ശബ്ദസന്ദേശത്തിലൂടെ ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ഉദ്ഘാടനം ചെയ്തു. ഫാസിസം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും മതേതരത്വത്തേയും കവർന്നെടുക്കാൻ ശ്രമിക്കുകയും ഭരണഘടനയെ പിച്ചിച്ചീന്തി രാജ്യത്തെ മർദിത പിന്നോക്ക വിഭാഗങ്ങളെ അടിച്ചമർത്താനും ശ്രമിക്കുമ്പോൾ ഇന്ന് രാജ്യം മൊത്തം ആവശ്യപ്പെടുന്ന ഫാസിസ്റ്റ് വിരുദ്ധതയുടെ മുദ്രാവാക്യം രണ്ടര പതിറ്റാണ്ടുമുൻപേ ഉറക്കെ വിളിച്ച് പറയാൻ തനിക്കും പി.ഡി.പിക്കും കഴിഞ്ഞതിൽ തികഞ്ഞ അഭിമാനമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മഅ്ദനി പറഞ്ഞു. ഫാസിസത്തിനും ഭരണകൂട ഭീകരതക്കും മുന്നിൽ ആത്മാഭിമാനം അടിയറ വയ്ക്കാൻ തയ്യാറാകാത്തവരും ചങ്കുറപ്പോടെ നട്ടെല്ല് നിവർത്തിപ്പിടിച്ച് നിൽക്കുന്നവരുമായ ഒരുതലമുറയെ സൃഷ്ടിച്ചെടുക്കുന്നതിൽ പി.ഡി.പിയുടെ രാഷ്ട്രീയ മുദ്രാവാക്യം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന സ്‌പെഷ്യൽ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ വർക്കലരാജ്, വി.എം.അലിയാർ, യൂസുഫ് പാന്ത്ര, മജീദ്‌ചേർപ്പ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
'വിചാരണ പൂർത്തിയാക്കൂ-അനീതിയുടെ വിലങ്ങഴിക്കൂ' എന്ന മുദ്രാവാക്യത്തിൽ മഅ്ദനി നീതിനിഷേധത്തിനെതിരെ ഇന്ന് എറണാകുളത്ത് മനുഷ്യാവകാശറാലിയും സമ്മേളനവും നടക്കും. വൈകിട്ട് 3 മണിക്ക് ടൗൺഹാൾ പരിസരത്ത് നിന്നാരംഭിക്കുന്ന റാലിക്ക് ശേഷം മറൈൻ ഡ്രൈവിൽ ചേരുന്ന മനുഷ്യാവകാശ സമ്മേളനത്തിൽ മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ മറ്റ് രാഷ്ട്രീയ സമൂഹിക മനുഷ്യാവകാശ പ്രമുഖർ സംബന്ധിക്കും.