ദുബായ്- ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന 2020 എക്‌സ്‌പോയോട് അനുബന്ധിച്ചു രാജ്യാന്തര വിദ്യാഭ്യാസ ഉച്ചകോടിക്ക് ദുബായ് വേദിയാകും. ദുബായ് കെയേഴ്‌സ്, യു.എ.ഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
എക്‌സ്‌പോ വേദിയോട് അനുബന്ധിച്ചുള്ള ദുബായ് എക്‌സിബിഷന്‍ സെന്ററില്‍ 2021 മാര്‍ച്ചില്‍ നടക്കുന്ന ഉച്ചകോടിക്കു മുന്നോടിയായി വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ സമഗ്ര രൂപരേഖ തയാറാക്കും. അടുത്തവര്‍ഷം ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടക്കുന്ന എക്‌സ്‌പോയില്‍ ഇന്ത്യ ഉള്‍പെടെ 192 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസ മേഖലയും നവീകരിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ദുബായ് കെയേഴ്‌സ് സിഇഒ ഡോ.താരിഖ് അല്‍ ഗുര്‍ഗ് പറഞ്ഞു. സര്‍ക്കാരുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ 3,000 ല്‍ ഏറെ പ്രതിനിധികള്‍ പങ്കെടുക്കും.