ബീശ - സൗദിയില്‍ കോളേജ് വിദ്യാർഥിനികൾ സഞ്ചരിച്ച ബസ് അശ്രദ്ധമായും ജീവന് വില കൽപിക്കാതെയും ഓടിച്ച ഡ്രൈവറെ ബീശ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ വിദ്യാർഥിനികളുമായി കോളേജിലേക്ക് പോകുന്നതിനിടെയാണ് ഡ്രൈവർ അശ്രദ്ധമായി ബസ് ഓടിച്ചത്. ബീശ വിമൻസ് ആർട്‌സ് കോളേജ് വിദ്യാർഥിനികൾ സഞ്ചരിച്ച ബസിന്റെ സ്റ്റിയറിംഗ് വീൽ കാൽപാദം ഉപയോഗിച്ച് ഡ്രൈവർ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തി നിയമ ലംഘകനായ ഡ്രൈവറെ ബീശ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം ജീവനും വിദ്യാർഥികളുടെ ജീവനും അപകടത്തിലാക്കും വിധം ബസ് ഓടിച്ച ഡ്രൈവർക്കെതിരായ കേസ് നിയമ നടപടികൾ സ്വീകരിക്കുന്നതിന് ട്രാഫിക് പോലീസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ട്രാഫിക് നിയമം അനുസരിച്ച് ഏറ്റവും കടുത്ത ശിക്ഷ വിധിക്കുന്നതിന് പ്രതിക്കെതിരായ കേസ് ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന ട്രാഫിക് അതോറിറ്റിക്കും കൈമാറിയിട്ടുണ്ട്. ഡ്രൈവർക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് ബീശ യൂനിവേഴ്‌സിറ്റിയെ ട്രാഫിക് പോലീസ് അറിയിച്ചു. വിദ്യാർഥിനികൾക്ക് ഗതാഗത സൗകര്യം നൽകുന്നതിന്റെ കരാറേറ്റെടുത്ത കമ്പനി ഈ ഡ്രൈവർക്കു പകരം ബദൽ ഡ്രൈവറെ ലഭ്യമാക്കിയിട്ടുണ്ട്.
വളരെ വേഗത്തിൽ സംഭവത്തിൽ ഇടപെട്ട് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ബീശ ട്രാഫിക് പോലീസിന്റെ നടപടിയിൽ സൗദി പൗരന്മാർ അതിയായ സന്തോഷം പ്രകടിപ്പിച്ചു.
ക്ലിപ്പിംഗ് പുറത്തു വന്ന് രണ്ടു മണിക്കൂറിനകം ഡ്രൈവറെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തതായി ബീശ ട്രാഫിക് പോലീസ് മേധാവി കേണൽ മുഫ്‌ലിഹ് അൽശഹ്‌റാനി പറഞ്ഞു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയ കേസിലാണ് ഡ്രൈവർക്കെതിരെ കോടതിയിൽ നിയമ നടപടി സ്വീകരിക്കുന്നതെന്നും കേണൽ മുഫ്‌ലിഹ് അൽശഹ്‌റാനി പറഞ്ഞു.