ന്യൂദല്‍ഹി- മൗലിക അവകാശങ്ങളെ ലംഘിക്കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കൂവെന്ന് അസദുദ്ദീന്‍ ഉവൈസി ലോക്‌സഭയില്‍ സ്പീക്കറോട് അപേക്ഷിച്ചു. മോശം പേര് വരുന്നതില്‍ നിന്ന് ആഭ്യന്തര മന്ത്രിയേയും രക്ഷിക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ പേര് ഹിറ്റ്‌ലറുടേയും ഡേവിഡ് ബെന്‍ ഗുറിയോനിന്റേയും പേരുകള്‍ക്കൊപ്പം വിശേഷിപ്പിക്കപെടുമെന്നും ഉവൈസി പറഞ്ഞു. പൗരത്വ ബില്‍ നാസി ജര്‍മനിയിലെ ന്യൂറംബര്‍ഗ് നിയമത്തിനും ഇസ്‌റാഈലിന്റെ പൗരത്വ നിയമത്തിനും സമാനമാണ്. ഇതു നടപ്പിലാക്കുന്നത് ജനങ്ങളുടെ അവകാശ ലംഘനമാണെന്നും ബില്ല് തടയണമെന്നും ഉവൈസ് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷായെ ഹിറ്റ്‌ലറോട് ഉപമിച്ചതിനെതിരെ ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളമുണ്ടാക്കി. ഇതോടെ ഈ പരാമര്‍ശം സ്പീക്കര്‍ സഭാ രേഖകളില്‍ നിന്ന് നീക്കി.