ന്യൂദല്‍ഹി- ബാബരി വിധിയില്‍ പുനപ്പരിശോധന ആവശ്യപ്പെട്ട് ഹിന്ദു മഹാസഭയും രംഗത്ത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമി ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുക്കണമെന്നും മുസ്‌ലിംകള്‍ക്ക് മറ്റൊരിടത്ത് അഞ്ചേക്കര്‍ ഭൂമി നല്‍ണമെന്നുമുള്ള സുപ്രീം കോടതി വിധിയില്‍ പുനപ്പരിശോധന വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹിന്ദു മഹാസഭയുടെ ഹര്‍ജി. പള്ളി നിര്‍മ്മിക്കാന്‍ മുസ്‌ലിംകള്‍ക്ക് പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന വിധി പുനപ്പരിശോധിക്കണമെന്നാണ് ഹിന്ദു മഹാസഭയുടെ ആവശ്യം. ഇതിനകം ആറു പുനപ്പരിശോധനാ ഹര്‍ജികളാണ് ബാബരി-അയോധ്യ വിധിക്കെതിരെ സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ആദ്യ പുനപ്പരിശോധനാ ഹര്‍ജിയാണ് ഹിന്ദു മഹാസഭയുടേത്.
തര്‍ക്കത്തിലിരുന്ന സ്ഥലത്തിന്റെ അകവും മുറ്റവും ഹിന്ദുക്കളുടേതാണെന്ന് കോടതി വിധിച്ച പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്ക് പകരമായി അഞ്ചേക്കര്‍ ഭൂമി നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഹിന്ദു മഹാസഭ ഹര്‍ജിയില്‍ പറയുന്നത്. ഇതു തിങ്കളാഴ്ച തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഹിന്ദു മഹാസഭ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജൈന്‍ പറഞ്ഞു. ഈ വിധിക്കെതിരെ വരുന്ന ഏഴാമത്തെ പുനപ്പരിശോധനാ ഹര്‍ജിയാകും ഇത്. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ പിന്തുണയോടെ അഞ്ചു വ്യക്തികളും അതിനു പുറമെ മറ്റൊരു വ്യക്തിയും നേരത്തെ ഹര്‍ജി നല്‍കിയിട്ടുണ്ട്.