ബെംഗളുരു- കര്‍ണാടകയില്‍ 15 നിയമസഭാ സീറ്റുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 സീറ്റിലും ബിജെപി മുന്നേറ്റം. രണ്ടു സീറ്റാണ് കോണ്‍ഗ്രസ് നേട്ടം. ജെഡിഎസിനു ഒരിടത്തും ജയിക്കാനായില്ല. ഒരു സ്വതന്ത്രനും ജയിച്ചു. ഇതോടെ ബിജെപി സര്‍ക്കാരിന്റെ നിലഭദ്രമായി. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ പതനത്തിലേക്കു നയിച്ച എംഎല്‍എമാരുടെ രാജിയാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറിയ എംഎല്‍എമാരെയാണ് ബിജെപി മത്സര രംഗത്തിറക്കിയത്. ജനവിധി അംഗീകരിക്കുന്നതായും പരാജയം സമ്മതിക്കുന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചു. കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചിരിക്കുകയാണെന്നും ഖേദമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പു നടന്ന 15 സീറ്റില്‍ 12 സീറ്റും കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളായിരുന്നു. ബാക്കിയുള്ള മുന്ന് സീറ്റുകള്‍ ജെഡിഎസിന്റെ കൈവശവുമായിരുന്നു. 222 അംഗ നിയമസഭയില്‍ നിലവിലില്‍ ബിജെപിക്ക് 105 സീറ്റാണുള്ളത്. 12 പേര്‍ കൂടി ബിജെപി ടിക്കറ്റില്‍ ജയിക്കുന്നതോടെ ഇതു 117 ആകും. കോണ്‍ഗ്രസിന് 66ഉം ജെഡിഎസിന് 34ഉം അംഗങ്ങളാണ് ഉള്ളത്.
സഖ്യമായിരുന്ന കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്കാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സഖ്യം പൊളിഞ്ഞതോടെ ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ ബന്ധവും വഷളായിരുന്നു. വീണ്ടും ജെഡിഎസുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ജെഡിഎസ് സമ്മതിച്ചില്ല. ഇതിനു വലിയ വില നല്‍കേണ്ടി വന്നു എന്നാണ് ഫല സൂചിപ്പിക്കുന്നത്.
കൂറുമാറി എത്തിയ എംഎല്‍എമാര്‍ ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഫലം വന്നതോടെ ഇതും തെറ്റി. കൂറുമാറിയെത്തിയ 13 എംഎല്‍എമാരെയാണ് ബിജെപി മത്സരിപ്പിച്ചത്. ഇവരെ ഭാവി മന്ത്രിമാര്‍ എന്നാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വിശേഷിപ്പിച്ചിരുന്നത്. വിമതരെ മത്സരിപ്പിച്ചതിനെതിരെ ബിജെപിക്കുള്ളിലും എതിര്‍പ്പുണ്ടായിരുന്നു.