മുംബൈ- മുസ്‌ലിംകള്‍ അല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ ഭേതഗതി ബില്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ അദൃശ്യ വിഭജനത്തിനുള്ള ശ്രമമാണെന്ന് ശിവ സേന. ഹിന്ദുക്കളായ അനധികൃത കുടിയേറ്റക്കാരെ മാത്രം സ്വീകരിക്കുന്ന നിലപാട് രാജ്യത്ത് വര്‍ഗീയ യുദ്ധത്തിന് തിരികൊളുത്തുമെന്നും ശിവ സേനയുടെ ഔദ്യോഗിക പത്രമായ സാംനയില്‍ രൂക്ഷമായ ഭാഷയിലുള്ള എഡിറ്റോറിയല്‍ മുന്നറിയിപ്പു നല്‍കുന്നു.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ് ലിംകള്‍ അല്ലാത്ത കുടിയേറ്റക്കാര്‍ക്ക് വേഗത്തില്‍ ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കാന്‍ സഹായിക്കുന്നതിനാണ് ആറു പതിറ്റാണ്ട് പഴക്കമുള്ള നിയമം ബിജെപി സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. വിവേചനപരമെന്നു ചൂണ്ടിക്കാട്ടി പല പ്രതിപക്ഷ പാര്‍ട്ടികളും ഈ ബില്ലിനെതിരെ രംഗത്തുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നിയമമെന്നും ചൂണ്ടിക്കാട്ടുന്നു.
ഈ ബില്‍ അവതരിപ്പിച്ച സമയത്തേയും ശിവ സേന ചോദ്യം ചെയ്തു. ഇപ്പോള്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ക്ക് ഒട്ടും കുറവില്ല. എന്നിട്ടും പൗരത്വ ബില്ലിലൂടെ പുതിയ പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഈ ബില്ലിലൂടെ രാജ്യത്ത് ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ഒരു അദൃശ്യ വിഭജനം കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചുവെന്നു വേണം കരുതാന്‍- ശിവ സേന വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ അല്ലാതെ ഹിന്ദുക്കള്‍ക്ക് വേറെ രാജ്യമില്ലെന്നത് ശരിയാണ്. പക്ഷെ അനധികൃത കുടിയേറ്റക്കാരിലെ ഹിന്ദുക്കളെ മാത്രം അംഗീകരിക്കുന്നത് രാജ്യത്ത് ഒരു മത യുദ്ധത്തിന് കാരണമാകുമോ? എന്നും ശിവ സേന സംശയം പ്രകടിപ്പിക്കുന്നു.