മുസഫര്‍പൂര്‍- ഹൈദരാബാദിലും ഉന്നാവിലും യുവതികളെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നതിന്റെ നടുക്കവും പ്രതിഷേധ അലയൊലികളും അടങ്ങും മുമ്പ് ബിഹാറിലെ മുസര്‍ഫര്‍പൂരില്‍ നിന്നും മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. ഞായറാഴ്ചയാണ് സംഭവം. 80 ശതമാനത്തോളം ഗുരുതരമായി പൊള്ളലേറ്റ് യുവതി ഇപ്പോള്‍ മുസഫര്‍പൂരിലെ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളെജില്‍ മരണത്തോട് മല്ലിടുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദിലെയും ഉന്നാവിലേയും ബലാത്സംഗക്കൊലകളുടെ വാര്‍ത്ത രാജ്യവ്യാപകമായി വലിയ പ്രതിഷേധമുണ്ടാക്കിയതോടെ സമാന ക്രൂരകൃത്യംങ്ങള്‍ പലയിടത്തു നിന്നും റിപോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഏറ്റവുമൊടുവിലത്തേതാണ് മുസഫര്‍പൂരിലേത്. ഹൈദരാബാദില്‍ 27കാരിയായ വനിതാ ഡോക്ടറെ നാലു പേര്‍ ചേര്‍ന്ന് കെണിയില്‍പ്പെടുത്തുകയും ബലാത്സംഗം ചെയ്ത് കൊന്ന് ചുട്ടെരിക്കുകയും ചെയ്തത് വലിയ ജനരോഷത്തിനിടയാക്കിയിരുന്നു. ഈ കേസിലെ നാലു പ്രതികളേയും പോലീസ് വെടിവച്ചു കൊന്നു. ഇതിനിടെയാണ് യുപിയിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ യുവതിയെ കോടതിയിലേക്കു പോകും വഴി പ്രതികള്‍ പെട്രോളൊഴിച്ച് തീയിട്ട് കൊന്നത്. നാലു ദിവസം മുമ്പ് യുപിയിലെ തന്നെ കശേരവയില്‍ 35കാരിക്കു നേരെ ആസിഡ് ആക്രമണവും റിപോര്‍ട്ട് ചെയ്തിരുന്നു.